എം.ബി.ബി.എസ്, ബി.ഡി.എസ് എന്നീ മെഡിക്കല്‍ കോഴ്സുകളിലേക്കുളള ദേശിയ യോഗ്യതാ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്ററ് (നീററ്-യുജി ) 2017 മേയ് മാസം ഏഴാം തീയതി കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലുമായി നൂററിമൂന്ന് കേന്ദ്രങ്ങളിലായി നടക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നീറ്റ് പരീക്ഷ നടത്തുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലായി നൂററിഎണ്പത് ചോദൃങ്ങളുമായി മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒറ്റ പേപ്പര്‍ മാത്രം ഉള്ളതാണ് നീറ്റ് പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയിസ് രീതിയില്‍ , ഓരോ ചോദ്യത്തിനും നാലുവീതം ചോയിസുളള ചോദ്യപേപ്പര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് ശരിയുത്തരത്തിന് നാലു മാര്‍ക്കുവീതം നല്കുമ്പോള് തെറ്റായതിന് ഒരു മാര്‍ക്ക് കുറവ്ചെയ്യുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങള്‍.
പരീക്ഷാദിവസം രാവിലെ ഒന്‍പതരക്കു മുന്‍പായി വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ്കാര്‍ഡ്, അതിന്റെകൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്ന പ്രഫോര്‍മയില്‍ ഒട്ടിക്കേണ്ട പോസ്റ്റ്കാര്‍ഡ് സൈസിലുള്ള ഫോട്ടോ , പാസ്പോര്‍ട്ട് ഫോട്ടോ എന്നിവയുമായി പരീക്ഷാഹാളില്‍ ഹാജരകേണ്ടതാണ്. പരീക്ഷ എഴുതുന്നതിനുള്ള പേനകള്‍ പരീക്ഷഹാളില്‍ ലഭ്യമാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള വസ്ത്രധാരണം അവലംബിക്കേണ്ടതാണ്. ഈ വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ ഒരു വിദ്യാര്‍ത്ഥിക്ക് ആകെ മൂന്ന് തവണ മാത്രമാണ് എഴുതുവാന്‍ അനുവദിക്കുകയുള്ളു.അതുകൊണ്ട് ആദ്യതവണ വളരെ ശ്രദ്ധിച്ച് പ്രയോജനപ്പെടുത്തണം.പരീക്ഷയില്‍ ഊഹിച്ച് ഉത്തരം എഴുതാതിരുന്നാല്‍ മാര്‍ക്ക് നഷ്ടപ്പെടുന്നത് ഒഴിവാക്കാം അതുവഴി ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുവാന്‍ കഴിയും. പരീക്ഷ കഴിഞ്ഞ് ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ ഒ.എം.ആര് ഉത്തരക്കടലാസ് സി.ബി.എസ്.ഇ യുടെ നീറ്റ് (www.cbseneet.in) വെബ്സൈറ്റില്‍ ലഭൃമാകുന്നതാണ്.ഓരോ ചോദ്യത്തിനും ആയിരം രൂപ വീതം അടച്ച് തെറ്റായ ചോദ്യോത്തരങ്ങള്‍ ചലഞ്ച് ചെയ്യാവുന്നതാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, മാത്തമാററിക്സ് അല്ലെങ്കില്‍ മറ്റേതെങ്കിലും തിരഞ്ഞെടുക്കുവാന്‍ അനുവദിക്കപ്പെട്ട വിഷയം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടിയ പന്ത്രണ്ടാംക്ലാസ് ജയമാണ് നീറ്റ് പരീക്ഷയുടെ അടിസ്ഥാനയോഗ്യത. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ മൊത്തമായി അന്‍പത് ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.പട്ടികജാതി/പട്ടികവര്‍ഗം, സാമൂഹികവും സാമ്പത്തികപരവുമായ പിന്നോക്ക (എസ്.ഇ.ബി.സി) സംവരണവിഭാഗങ്ങളില്പ്പെട്ടവര്ക്ക് നാല്‍പ്പത് ശതമാനം മാര്‍ക്കും, അംഗപരിമിതര്‍ക്ക് നാല്‍പ്പത്തിഅഞ്ച് ശതമാനം മാര്‍ക്കും വേണം.കാല്‍മുട്ടിന് താഴെ അന്‍പത് മുതല്‍ എഴുപത് ശതമാനം വരെ അംഗവൈകലൃം ഉള്ളവരെയാണ് അംഗപരിമിതരായി കണക്കാക്കുന്നത്.അങ്ങനെയുള്ളവരുടെ അഭാവത്തില്‍ നാല്‍പ്പത് മുതല്‍ അന്‍പത് ശതമാനം വരെ അംഗവൈകല്യം ഉള്ളവരേയും അംഗപരിമിതരായി പരിഗണിക്കും.
അങ്ങനെയുള്ളവരെ അഖിലേന്ത്യ ക്വാട്ടയായ പതിനഞ്ച് ശതമാനം സീറ്റുകള്‍ക്ക് പരിഗണിക്കുവാനായി ന്യൂഡല്‍ഹി, കല്‍ക്കട്ട, മൂംബൈ, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ രൂപീകരിച്ചിരിക്കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രൊഫഷനല്‍ കോളേജുകളിലായി അംഗപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള മൂന്നു ശതമാനം സീറ്റുകളിലേക്ക് അപേക്ഷാര്‍ത്ഥിയുടെ അര്‍ഹത പരിഗണിക്കുവാനായി പ്രവേശന പരീക്ഷ കമ്മീഷണര്‍ വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് മുന്പില് അംഗപരിമിതര്‍ യഥാസമയം ഹാജരാകേണ്ടതാണ്.
അക്കാദമിക് യോഗ്യതക്ക് പുറമേ നീറ്റ് പരീക്ഷയില്‍ നിശ്ചിത പെര്‍സെന്റൈല്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സ്കള്ക്കുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളു.നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍, ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് അന്‍പതാമത്തെ പെര്‍സെന്റൈലിന് മുകളിലും, അംഗപരിമിതര്‍ക്ക് നാല്‍പ്പത്തിഅഞ്ചാമത്തെ പെര്‍സെന്റൈലിന് മുകളിലും, എസ്സി/എസ്ടി, എസ്.ഇ.ബി.സി സംവരണവിഭാഗങ്ങള്ക്ക് നാല്‍പ്പതാമത്തെ പെര്‍സെന്റൈലിന് മുകളിലും മാര്‍ക്ക്, നീറ്റ് പരീക്ഷയില്‍ ലഭിക്കേണ്ടതുണ്ട്.
എന്നാല്‍, കേരളത്തിലെ മറ്റ് മെഡിക്കല്‍ (എം.ബി.ബി.എസ്/ബി.ഡി.എസ് ഒഴികെ) കോഴ്സ്കള്‍ക്കും, മെഡിക്കല്‍ അനുബന്ധ കോഴ്സ്കള്‍ക്കും പ്രവേശനം ലഭിക്കുവാനുള്ള യോഗ്യത നേടുവാന്‍ നീറ്റ് പരീക്ഷയില്‍ ചുരുങ്ങിയത് ഇരുപത് മാര്‍ക്കെങ്കിലും ലഭിക്കണം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്ക് നിബന്ധനയില്ല.
പൊതുവായ കൗണ്‍സിലിങ് നടത്തുവാന്‍ ന്യൂനപക്ഷ സ്വകാര്യ മെഡിക്കല്‍കോളേജുകള്‍ക്കും, മാനേജ്മെന്റ്, എന്‍.ആര്.ഐ ക്വാട്ടകള്ക്കും അനുവദിക്കപ്പെട്ട സമുദായങ്ങളുടേയും മറ്റും കാറ്റഗറി പട്ടിക അധികമായി പ്രവേശന പരീക്ഷ കമ്മീഷണര്‍ തയ്യറാക്കേണ്ടതായി വരും എന്ന് മാത്രമേയുള്ളു. സര്‍ക്കാര്‍ സീറ്റുകളിലെ പ്രവേശനത്തിന് കേരളത്തിലെ നിര്‍ദ്ദേശാനുസരണ സംവരണ തത്വങ്ങള്‍ ബാധകമായിരിക്കും. ഓരോ കോളേജിലേക്കും ബാധകമായ വാര്‍ഷിക ഫീസ്, മറ്റ് ഫീസുകള്‍ എന്നിവ സംബന്ധിച്ച് പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രവേശന നടപടികള്‍ തുടങ്ങുന്നതിനു മുന്‍പ് പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. പതിനഞ്ച് ശതമാനം അഖിലേന്തൃാ ക്വാട്ടയിലേക്ക് പ്രവേശനം നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡി.ജി.എച്ച്.എസ് ആയിരിക്കും.കൂടുതല്‍ വിവരങ്ങള്‍ യഥാക്രമം www.ceekerala.org, www. mcc.nic.in എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.
നീറ്റ്-യൂജി പരീക്ഷയിലെ ഫലം 2017 ജൂണ്‍ എട്ടാം തീയതി പ്രസിദ്ധീകരിച്ചതിനു ശേഷം പരീക്ഷ എഴുതിയവര്‍ക്ക് അവരുടെ റിസല്‍ട്ട് ഷീറ്റ് സി.ബി.എസ്.ഇ യുടെ നീറ്റ് (www.cbseneet.in) വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. നീറ്റ് പ്രവേശന പരീക്ഷ എഴുതുന്ന എല്ലാവര്ക്കും വിജയാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: