കാഞ്ഞങ്ങാട്: പുതികണ്ടം യംഗ്വിങ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും ഫ്രണ്ട്സ് വന്ദേമാതരവും സംയുക്തമായി സംഘടിപ്പിച്ച ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റില്‍ ഉദുമ അര്‍ജ്ജുന അച്ചേരി ക്ലബിന് ഇരട്ടക്കിരീടം. കേരള, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രമുഖ താരങ്ങളടങ്ങിയ 14 ടീമുകളാണ് മത്സരത്തിനെത്തിയത്. ഫൈനലില്‍ മത്സരിച്ച ഉദുമ അര്‍ജ്ജുന അച്ചേരി ക്ലബ് ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് നാല്‍പ്പതിനായിരം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരം രൂപയുമായിരുന്നു സമ്മാനമായി ഏര്‍പ്പെടുത്തിയിരുന്നത്.
ചക്ലി ഗ്രൂപ്പ് ഉദുമ മൂന്നാം സ്ഥാനവും, നവശക്തി എക്കാല്‍ നാലാം സ്ഥാനവും പങ്കിട്ടു. കഴിഞ്ഞ കുറെ കാലങ്ങളായി സിപിഎം പോഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന കബഡി ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ജ്ജുന അച്ചേരിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള ക്ലബ് നടത്തിയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജ്ജുന അച്ചേരി ഇരട്ട നേട്ടം കൈവരിച്ചിക്കുന്നത്. മത്സരം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
മുന്‍ ഇന്ത്യന്‍ കബഡി ടീം പരിശീലകന് ഇ.ഭാസ്ക്കരന്‍ മുഖ്യാതിഥിയായിരുന്നു. വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഗീതബാബുരാജ്, പി.പത്മനാഭന്, കെ.എം.ഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പുതിയകണ്ടം ഗവ.യുപി സ്കൂള്‍ പ്രധാനാധ്യാപകന് വിജയന് മാസ്റ്റര്‍ക്ക് ഉപഹാരം നല്കി. ഗിരിജ ജ്വല്ലേഴ്സ് ഉടമ എം.സി.മുരളീധരന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി.പ്രശാന്ത് സ്വാഗതവും ജിതിന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: