കാസര്‍കോട്: ഭൂരഹിത കേരളം പദ്ധതിയില്‍ തെക്കില്‍ വില്ലേജിലെ മാഹിനാബാദില്‍ മൂന്നുസെന്റുവീതം അനുവദിച്ചിരുന്ന 185 പേരുടെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കി. പകരം ചെങ്കള പഞ്ചായത്തിലെ പാടിയില്‍ ഇവര്‍ക്ക് സ്ഥലം അളന്നു നല്‍കും. മേയ് 13ന് കാസര്‍കോട്ട് നടക്കുന്ന പട്ടയമേളയില്‍ പുതിയ സ്ഥലത്തിന്റെ പട്ടയവും സ്കെച്ചും വിതരണം ചെയ്യാനാണ് തീരുമാനം. 2014ലാണ് തെക്കില്‍ വില്ലേജിലെ റീസ. നമ്പര്‍ 276/01 ല്‍ 79 പേര്‍ക്കും റീസ. നമ്പര്‍ 267/2ആ, 1ആല് 46 പേര്‍ക്കും റീസ. നമ്പര്‍ 266/1 ല്‍ 60 പേര്‍ക്കും മൂന്നുസെന്റുവീതം സ്ഥലത്തിന്റെ പട്ടയം നല്‍കിയത്.
പക്ഷേ, സ്ഥലം അളന്നു നല്കാന് റവന്യൂ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പട്ടയം കിട്ടിയവര്‍ തെക്കില്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും കളക്ടറേറ്റിലും കയറിയിറങ്ങി വലഞ്ഞെങ്കിലും പരിഹാരം നീളുകയായിരുന്നു. അതേസമയം, ഈ വില്ലേജിലെ അണിഞ്ഞ, കുന്നാറ എന്നിവിടങ്ങളില്‍ ഇതോടൊപ്പം പട്ടയം അനുവദിച്ച മറ്റു 50 പേര് സ്ഥലം ഉപയോഗിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി വ്യക്തി കൈവശം വെച്ചിരിക്കുകയായിരുന്നു മാഹിനാബാദിലെ സ്ഥലം. ഹൈക്കോടതിയിലെത്തിയ കേസ് വിജയിച്ചതിനാല്‍ സര്‍ക്കാര്‍ ഈ സ്ഥലമേറ്റെടുക്കുകയായിരുന്നു. ഇത് പിന്നീട് ഭൂരഹിതം പദ്ധതിക്ക് വിനിയോഗിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പട്ടയം തയ്യാറാക്കിയത്. ഇതിനിടെ, കൈവശകാലത്ത് സ്ഥലത്ത് നടത്തിയ വികസ നപ്രവൃത്തിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കൈവശക്കാരന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്കിയതിനാല് പട്ടയം ലഭിച്ചവര്‍ക്ക് സ്ഥലം യഥാസമയം അളന്നു നല്കാന് റവന്യൂ അധികൃതര്‍ക്ക് കഴിയാതെപോയി.
വര്‍ഷങ്ങളായി ഉപയോഗിക്കാത്തതിനാല്‍ ഈ പ്രദേശം കാടുമൂടിയനിലയിലായിരുന്നു. കുന്നില്‍ ചെരിവുമായിരുന്നു. മുഴുവന്‍ തര്‍ക്കങ്ങളും തീര്‍ന്നതിനാല്‍ സ്ഥലം സര്‍ക്കാറിന്റെ കൈവശമാണ് ഇപ്പോള്‍ ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. പാടി വില്ലേജില്‍ സ്ഥലം അളന്നു കിട്ടുന്നതിന് തെക്കിലിലെ അസ്സല് പട്ടയം, സ്കെച്ച്, അപേക്ഷകരുടെ ഫോട്ടോ, സമ്മതപത്രം എന്നിവ മേയ് രണ്ടിനകം തെക്കില്‍ വില്ലേജ് ഓഫീസില്‍ നല്‍കണമെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: