കൊച്ചി: വാഹനങ്ങളിലെ അമിത ഹോണ്‍ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നോ ഹോണ്‍ ദിനാചരണം നടത്തി. ഇടപ്പള്ളിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ മദ്ധ്യമേഖല റേഞ്ച് ഐജി പി. വിജയന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും യങ് ഇന്ത്യന്‍സും എസ്സിഎംഎസ്സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ശബ്ദമലിനീകരണത്തെപ്പറ്റി നാം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഭീകരതയെപ്പറ്റി കാര്യമായി ചിന്തിച്ചിരുന്നില്ലെന്ന് ഐജി പറഞ്ഞു. റെസിഡന്‍സ് അസോസിയേഷനുകളേയും വിവിധ സന്നദ്ധ സംഘടനകളേയും കോര്‍ത്തിണക്കി കൊച്ചിയെ സമയബന്ധിതമായി ഹോണ്‍ വിമുക്ത നഗരമായി മാറ്റാനുള്ള കര്‍മ്മപരിപാടി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാദ്യമേളകള്‍, വെടിക്കെട്ടുകള്‍ എന്നിവ ആസ്വദിക്കുമ്പോള്‍ ചെവി സംരക്ഷണ ഉപകരണങ്ങള്‍ ശീലമാക്കുന്നത് ഇത് മൂലം സംഭവിച്ചേക്കാവുന്ന കേള്‍വിക്കുറവ് തടയാനാകുമെന്ന് അധ്യക്ഷത വഹിച്ച ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എം. നാരായണന് പറഞ്ഞു. എറണാകുളം ആര്‍ടിഒ പി. എച്ച്. സാദിഖ് അലി, ഡോ. വി.ഡി. പ്രദീപ്കുമാര്‍, ഡോ. രാധാ തേവന്നൂര്‍, പ്രിയ ഫാസില്‍, ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: