സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണഘടനയുടെ പ്രതിനിധികളാല്‍ നിയമിക്കപ്പെടുന്നവരാണ്. പിണറായി വജയനോ എം.എം.മണിയോ അല്ല കളക്ടറുടേയും മറ്റും നിയമന ഉത്തരവില്‍ ഒപ്പ് വയ്ക്കുന്നത്. അങ്ങനെയുള്ള സര്‍ക്കാര്‍ ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്താനോ അവരെ ഊളമ്പാറയ്ക്കയക്കാനോ മന്ത്രിമാര്‍ക്ക് യോഗ്യതയില്ല. നികുതികള്‍ പിരിച്ചെടുക്കാനും ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാനും ക്രമസമാധാനം പാലിക്കാനും മറ്റും ഉദേ്യാഗസ്ഥരെ കാര്യക്ഷമമായി ഉപയോഗിക്കുക മാത്രമാണ് മന്ത്രിമാര്‍ ചെയ്യേണ്ടത്.
നിയമ നിര്‍മ്മാണസഭകള്‍ രൂപപ്പെടുത്തിയിട്ടുള്ള നിയമങ്ങള്‍ സത്യസന്ധമായി നടപ്പാക്കുന്ന ഉദേ്യാഗസ്ഥരെ വിരട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയല്ല മന്ത്രിമാരുടെ ചുമതല. അതറിയാനുള്ള രാഷ്ട്രീയപരവും ഭരണപരവുമായ പക്വത ആര്ജ്ജിക്കാത്തതുകൊണ്ടാണ് പിണറായി വിജയനും എം.എം.മണിയും കുരിശിന്റെ വഴിയേ പോകുന്നത്. പാപ്പാത്തിച്ചോലയില്‍ സ്ഥാപിക്കപ്പെട്ടത് അതിക്രമത്തിന്റെ പ്രതീകമായ ഉരുക്കിന്റെ കുരിശാണ്; അള്‍ത്താരയിലെ ആരാധ്യമായ ഭക്തിയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമല്ല. അതറിയാനുള്ള വിവേകം മന്ത്രിമാര്‍ക്ക് ഉണ്ടാകണം; ഉണ്ടായേ തീരൂ.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: