രഞ്ജിത്ത് ശ്രീരാഗം
പൂക്കോട്ടുംപാടം: അയ്യോ കാക്കേ പറ്റിച്ചേ….മഹാകവി വള്ളത്തോളിന്റെ കവിതയിലെ കാക്കയെ നെയ്യപ്പം കൊടുക്കാതെ പറ്റിച്ച കുട്ടിയെപ്പോലല്ല ദേവികയും വൈഗയും. വെന്തുരുകുന്ന ഈ വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് കുടിവെള്ളം നല്കി മാതൃകയാവുകയാണ് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശികളായ സഹോദരിമാര്‍.കവളമുക്കട്ടയിലെ പുപ്പറ്റ ശ്രീജിത്ത് അഞ്ജു ദമ്പതികളുടെ മക്കളായ ദേവകിയും വൈഗയും കാക്കകളെ പറ്റിക്കാതെ അവര്‍ക്ക് കൂട്ടായി നില്‍ക്കുകയാണ്.
വേനല്‍ക്കടുത്തതോടെ പുഴയും കിണറുകളും വറ്റിയതിനെത്തുടര്‍ന്ന് കുടിവെള്ളം മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാതികള്‍ക്കും കിട്ടാക്കനിയായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ദേവകിയും വൈഗയും പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കുന്നത്.വീട്ടില്‍ സ്വന്തമായി കിണറില്ലാത്ത ഇവര്‍ പഞ്ചായത്ത് കിണറില്‍ നിന്നും മറ്റും വരിനിന്ന് അമ്മ ശേഖരിക്കുന്ന വെള്ളത്തില്‍ നിന്നാണ് ഒരു പങ്ക് പക്ഷികള്‍ക്കായി മാറ്റി വെക്കുന്നത്.ആദ്യമൊക്കെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നെങ്കിലും പക്ഷികള്‍ വെള്ളം കുടിച്ചുതുടങ്ങിയപ്പോള്‍ ഇവരും പങ്കാളികളാവുകയാവുകയായിരുന്നു.സ്വാര്‍ത്ഥ സമൂഹത്തില്‍ ഈ കൊച്ചു സുന്ദരികള്‍ നാട്ടുകാര്‍ക്കിടയില്‍ കൗതുകമാവുകയാണ്.വീടിന് പുറത്ത് സ്ഥിരമായി പക്ഷികള്‍ക്കായി ഒരു പ്ലാസ്റ്റിക്ക് പാത്രം ഒരുക്കി അതിലാണ് വെള്ളം നല്‍കുന്നത്.വെള്ളം തീരുന്നതിനനുസരിച്ച് അതില്‍ ഒഴിച്ച് കൊടുക്കാറാണ് പതിവ്.ദിവസവും നൂറുകണക്കിന് വ്യത്യസ്തയിനം പക്ഷികളാണ് ഇവിടെ വെള്ളം കുടിക്കാനെത്തുന്നത്.അവരോട് കുശലം പറഞ്ഞും കൂട്ടുകൂടിയും ദേവകിയും വൈഗയും എപ്പോഴും വീട്ട് മുറ്റത്തുണ്ടാകും.അവധിക്കാലമായതിനാല്‍ കൂടുതല്‍ സമയം ഇതിനായാണ് ഇവര്‍ ചിലവഴിക്കുന്നത്.കൂട്ടുകാരില്‍ പലരും അവധിക്കാല വിനോദത്തിനായി സമയം ചിലവഴിക്കുമ്പോള്‍ ഈ കൊച്ചുസുന്ദരികളുടെ വിനോദം ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: