പാലക്കാട് : കര്‍ഷകക്ഷേമ-കാര്‍ഷിക വികസന വകുപ്പിന്റേയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടേയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ 96 വിഷുചന്തകള്‍ ഇന്നും, നാളെയും പ്രവര്‍ത്തിക്കും. കൃഷിവകുപ്പിന്റെ 84, വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ (വി.എഫ്.പി.സി.കെ) ഏഴ്, ഹോര്‍ട്ടികോര്‍പ്പിന്റെ അഞ്ച് ചന്തകളാണ് പ്രവര്‍ത്തിക്കുക. പൊതുവിപണിയില്‍ നിന്ന് 30 ശതമാനം വിലക്കിഴിവില്‍ പച്ചക്കറികള്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എക്സ്.ലിസി അറിയിച്ചു.
ഹരിതകേരളം മിഷന്റെ ഭാഗമായി ജൈവപച്ചക്കറികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇപ്രാവശ്യം കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുന്നത്. പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡ്, കുന്നന്നൂര്‍ സീഡ് ഫാം, ആലത്തൂര്‍ സീഡ് ഫാം എന്നിവിടങ്ങളിലാണ് 12ന് രാവിലെ പച്ചക്കറികള്‍ എത്തിച്ച് വിവിധ ചന്തകളിലേയ്ക്ക് വിതരണം ചെയ്യുക. കൂടാതെ കൃഷിയിടങ്ങളില്‍ വകുപ്പ് നേരിട്ട് പോയി സമാഹരിക്കുകയോ കര്‍ഷകര്‍ അതത് കൃഷിഭവന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചന്തകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുകയോ ചെയ്യും. കര്‍ഷകര്‍ക്ക് 10 ശതമാനം സംഭരണ വിലയും നല്‍കും.
കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിപ്രകാരം ധനസഹായം ലഭിച്ച കര്‍ഷകരുടെ ക്ലസ്റ്ററുകളില്‍ നിന്നും ജൈവപച്ചക്കറി ക്ലസ്റ്ററുകളില്‍ നിന്നും പച്ചക്കറികള്‍ വില്പനയ്ക്കായി ശേഖരിക്കുന്നുണ്ട്. വരള്‍ച്ച മൂലം പച്ചക്കറികൃഷിക്ക് തടസ്സങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിഷുവിന് ആവശ്യമായ എല്ലാ ഇനങ്ങളും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.
ഇന്ന് രാവിലെ 9.30ന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള വി.എഫ്.പി.സി.കെ.യുടെ സ്റ്റാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി വിഷുചന്ത ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പങ്കെടുക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് ഏഴ് വരെ വിഷു ചന്തകള്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: