പട്ടാമ്പി : മന്ത്രവാദി ചമഞ്ഞ് രോഗചികിത്സ നടത്തുന്നയാള്‍ സ്ത്രീപീഡനത്തിന് അറസ്റ്റില്‍. ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ പത്തംപുലാക്കല് മമ്മി മകന് അബുതാഹിര്‍ മുസ്ല്യാര്‍ എന്ന അബുവിനെ(33) ആണ് പട്ടാമ്പി സി.ഐ: പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഈയിടെ മഞ്ഞളുങ്ങലില്‍ അബുതാഹിറിന്റെ നേതൃത്വത്തില്‍ ആണ്ടുനേര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരില്‍ നിന്നും കുടുംബസമേതം എത്തിയ സംഘത്തിലെ ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മയും ഇളയമ്മയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെട്ട സംഘമാണ് എത്തിയിരുന്നത്. പെണ്‍കുട്ടിയുടെ പേടി മാറ്റാനുള്ള ചികിത്സയാണെന്നു തെറ്റിദ്ധരിപ്പിച്ച് മുറിയില്‍ വാതിലടച്ച് പീഡിപ്പിച്ചതായാണ് പരാതി.
പീഡനത്തിന് ഇരയായ കുട്ടി കോയമ്പത്തൂരില്‍ തിരികെയെത്തി അച്ഛനോട് നടന്നതെല്ലാം വിവരിച്ചു. തുടര്‍ന്നാണ് പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇന്നലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയെ പേടിമാറ്റാനുള്ള ചികിത്സയ്ക്ക് വിധേയമാക്കാന്‍ ഇവിടേക്ക് എത്തിച്ചതിനു പിന്നിലുള്ള താല്‍പ്പര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ബന്ധുക്കളില്‍ ചിലര്‍ക്ക് അബുതാഹിറുമായുള്ള മുന്‍പരിചയമാണ് ഇവിടേക്ക് നയിച്ചത്. മന്ത്രവാദവും മതപ്രഭാഷണവും നടത്തുന്ന അബുതാഹിര്‍ പലവിധ കാരണങ്ങളുടെ പേരില്‍ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുന്നത് പതിവാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല.
പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐ: പി.എസ്. സുരേഷ്, എസ്.ഐ: ലൈസാദ് മുഹമ്മദ്, എസ്.ഐ: എന്‍.പി. സത്യന്, എ.എസ്.ഐ മണികണ്ഠന്, എസ്.സി.പി.ഒ ഉണ്ണികൃഷ്ണന്, സി.പി.ഒമാരായ ഷാജഹാന്, ജോണ്സണ്, വനിതാ സി.പി.ഒമാരായ രജിത, സുഭാഷിണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: