പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാവുകയും സ്ഥാനാര്‍ത്ഥികളുടെ അന്തിമലിസ്റ്റ് പുറത്തുവരുകയും ചെയ്തപ്പോള്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രം മാഞ്ഞുപോകുന്നതായാണ് കാണുന്നത്. മുന്കാലതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളിലെ ഭൂരിപക്ഷം വാര്‍ഡുകളിലും സിപിഎം സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതായാണ് കാണുന്നത്.
ചിഹ്നത്തില്‍ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിപ്പിക്കാന്‍ കഴിയും എന്ന ധാര്ഷ്ട്യവുംപേറി നടന്ന് സിപിഎം ഇന്ന് സ്വന്തം ചിഹ്നം ഉപേക്ഷിക്കുകയും പകരം സ്വതന്ത്രന്മാര്ക്കുള്ള ചിഹ്നങ്ങള്‍ കടമെടുക്കുകയും ചെയ്യുന്നു. മെഴുകുതിരി, പുസ്തകം, നക്ഷത്രം, ഓട്ടോറിക്ഷ തുടങ്ങിയ ചിഹ്നങ്ങളാണ് മിക്ക എല്‍ഡിഎഫ് സ്ഥാനാര്ത്ഥികള്ക്കമുള്ളത്. അതില്‍തന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മിക്കയിടത്തും മെഴുകുതിരിയും നക്ഷത്രവുമാണ് ചിഹ്നമായി സ്വീകരിച്ചിട്ടുള്ളത്.
ജില്ലാപഞ്ചായത്തില്‍ മാത്രമാണ് സിപിഎം ഏതാണ്ട് പൂര്‍ണ്ണമായും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ അരിവാളും ചുറ്റികയും മാഞ്ഞ് നക്ഷത്രം മാത്രമായി അവശേഷിക്കുന്നു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ സിപിഎം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത് ഒരിടത്തുമാത്രമാണ്. പത്തുവാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ് നാരങ്ങാനം പഞ്ചായത്തില്‍ 14 വാര്‍ഡുകളില്‍ നാലിടത്തുമാത്രമാണ് ചുറ്റിക അരിവാള്‍ നക്ഷത്രം കാണാനുള്ളത്. മൈലപ്രയിലെ 13 വാര്‍ഡുകളില്‍ മൂന്നിടത്ത് മാത്രമാണ് സിപിഎം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചെന്നീര്‍ക്കര പഞ്ചായത്തില്‍ 14 വാര്‍ഡുകളില്‍ ആറിടത്തുമാത്രമാണ് സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥികളുള്ളത്.
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലാകട്ടെ 13 വാര്‍ഡുകളില്‍ നാലിടത്തും , കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ അഞ്ചിടത്തും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴിടത്തും നിരണത്ത് നാലിടത്തുമാണ്് സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്നത്. മറ്റ് വാര്‍ഡുകളില്‍ സ്വതന്ത്ര ചിഹ്നങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിപിഎം നേതാക്കന്മാര്പോലും ഇക്കുറി സ്വതന്ത്രന്മാരുടെ വേഷംകെട്ടിയാണ് മത്സര രംഗത്തിറങ്ങിയത്.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷത്തിലും ഇതാണ് സ്ഥിതി. ഇതിന് പുറമേ ഘടകക്ഷികള്‍ തമ്മിലുള്ള പോരും സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. കോഴഞ്ചേരിയില്‍ എല്‍ഡിഎഫിന് സിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മടക്കമുള്ളഘടകകക്ഷിനേതാക്കള് പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മൊത്തം 2895 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 1586 പേര് സ്ത്രീകളും 1309 പേര് പുരുഷന്മാരുമാണ്.
സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ ശക്തിവര്ദ്ധിച്ചതും എസ്എന്‍ഡിപിയടക്കമുള്ള സാമൂദായിക സംഘടനകള്‍ ബിജെപിയുമായി സഹകരിക്കുന്നതും സിപിഎമ്മിനെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വന്തം ചിഹ്നം ഉപേക്ഷിച്ച് നേതാക്കളേപ്പോലും സ്വതന്ത്രന്മാരുടെ വേഷം അണിയിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: