ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിനുശേഷം തുടര്‍ച്ചയായി എസ്എന്‍ഡിപിയെയും നേതൃത്വത്തെയും വേട്ടയാടി തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം പൊളിഞ്ഞ സിപിഎം ഇപ്പോള്‍ അടവുനയവുമായി രംഗത്ത്.
തെക്കന്‍ കേരളത്തില്‍ എസ്എന്‍ഡിപിയുടെ പുതിയ രാഷ്ട്രീയ നിലപാടും ഗുരുനിന്ദാ വിവാദവും കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ അടവുനയം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പൊതുവേദിയില്‍ എസ്എന്‍ഡിപിയെയും നേതൃത്വത്തെയും വിമര്‍ശിക്കുകയും മറുവശത്ത് പ്രാദേശിക തലത്തില്‍ അനുനയിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സിപിഎം നടത്തുന്നത്.
നേരത്തെ എസ്എന്‍ഡിപിയെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം ഇപ്പോള്‍ ഈഴവ സമുദായങ്ങള്‍ക്ക് പരമാവധി സീറ്റുകള്‍ നല്കി എങ്ങിനെയും പിടിച്ച നില്‍ക്കാനുള്ള ശ്രമത്തിലാണ്. എസ്എന്‍ഡിപിയെ നേരിടാന്‍ പ്രഖ്യാപിച്ച വര്‍ഗ്ഗീയ വിരുദ്ധ സെമിനാറുകളും കുടുംബസംഗമങ്ങളും പൊളിഞ്ഞതിന്റെ ജാള്യത്തിലാണ് പാര്‍ട്ടി നേതൃത്വം. വര്‍ഗ്ഗീയ വിരുദ്ധ സെമിനാറുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് പാര്‍ട്ടിക്ക് വരുത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
പലയിടത്തും വര്‍ഗ്ഗീയ വിരുദ്ധ സെമിനാറുകള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണന സമ്മേളനങ്ങളായെന്നും ഇത് പാര്‍ട്ടിയുടെ അടിസ്ഥാന വിഭാഗങ്ങളെ അകറ്റിയെന്നുമാണ് ആക്ഷേപം. ബ്രാഞ്ചുകള്‍ അടിസ്ഥാനത്തില്‍ കുടുംബസംഗമങ്ങള്‍ നടത്താനുള്ള തീരുമാനവും ദയനീയമായി പരാജയപ്പെട്ടു. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും കുടുംബസംഗമങ്ങള്‍ നടന്നില്ല.
എസ്എന്‍ഡിപിയുടെ താലൂക്ക് തലത്തിലും ശാഖാതലങ്ങളിലുമുള്ള നേതാക്കളെ എങ്ങിനെയും അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിലയുറപ്പിക്കാനുള്ള പരിശ്രമമാണ് തെക്കന്‍ കേരളത്തില്‍ സിപിഎം നടത്തുന്നത്. ആലപ്പഴ, കൊല്ലം ജില്ലകളില്‍ എങ്ങിനെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെയും ഈഴവ സമുദായത്തെയും കൂടെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിനേതൃത്വം പ്രാദേശിക കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ വെട്ടിനിരത്തിയ ഈഴവ സമുദായത്തില്‍പ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സഹകരിപ്പിച്ചു തുടങ്ങി.
കൂടാതെ ആലപ്പുഴ ജില്ലയില്‍ പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ ഈഴവ സമുദായാംഗമാണെന്ന് പരിചയപ്പെടുത്തി പച്ചയായി ജാതി പറഞ്ഞാണ് ഇടതുമുന്നണി വോട്ടുതേടുന്നത്. പരസ്യമായി എസ്എന്‍ഡിപിയെ അവഹേളിച്ച് ന്യൂനപക്ഷപ്രീണനം നടത്തുകയും രഹസ്യമായി ഈഴവ സമുദായത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമെന്ന അടവുനയമാണ് സിപിഎം പ്രയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: