കൊച്ചി: പാര്‍ട്ടികളുടെയും മുന്നണികളുടെയും വോട്ടുകള്‍ ചോരുമെന്നുറപ്പായപ്പോള് ഇടതു-വലതു മുന്നണികള്‍ വോട്ടുമറിയ്ക്കാന്‍ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണികളുടെയും പാര്‍ട്ടികളുടെയും വോട്ടു ചോര്‍ന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവരാതിരിക്കുകയാണ് തന്ത്രം. അതോടൊപ്പം ബിജെപിയുടെ വളര്‍ച്ച തടയുകയും എസ്എന്‍ഡിപി-ബിജെപി ധാരണകൊണ്ട് ഫലമൊന്നും ഉണ്ടായില്ലെന്നു വരുത്തുകയുമാണ് ലക്ഷ്യം. മുന്നണികളുമായുള്ള ധാരണകളുടെ ഭാഗമായി, ചില മാധ്യമങ്ങള്‍ ഇരുമുന്നണിയ്ക്കും വേണ്ടി കുപ്രചാരണങ്ങളുടെ കുത്തകയും ഏറ്റെടുത്തിട്ടുണ്ട്.
വിജയിക്കാന്‍ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സിപിഎം ഏരിയാ തലത്തില്‍ പാര്‍ട്ടി നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും ജില്ലാ നേതൃത്വത്തോട് ഇത്തരമൊരു പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ബിജെപിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ ലിസ്റ്റെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍, ഒത്തുകളി രാഷ്ട്രീയം വ്യവസ്ഥാപിതമാക്കാനുള്ള ആസൂത്രണമാണിതെന്നു വ്യക്തം.
ബിജെപിയുടെ വിജയമായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ഫലസൂചിക. ബിജെപി മുന്‍തവണത്തേക്കാള്‍ മൂന്നുമടങ്ങ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു, പാര്‍ട്ടിയും എസ്എന്‍ഡിപിയുമായി പ്രാദേശിക തലത്തില്‍ അതീവ സൗഹാര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നു, പലേടത്തും വിജയസാധ്യത ബിജെപി സ്ഥാനാര്‍ത്ഥികളോ എസ്എന്‍ഡിപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളോ ഉറപ്പാക്കിയിരിക്കുന്നു, എന്നിങ്ങനെയാണ് ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് അവലോകന വിലയിരുത്തല്‍. രണ്ടു മുന്നണിയ്ക്കും ഇതു ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഒത്തുകളി തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് ധാരണ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ഫലത്തില്‍ ബിജെപി-യോഗം കൂട്ടുകെട്ടിന് ഉണ്ടാകുന്ന വിജയം ഏറെ ക്ഷയിപ്പിക്കുന്നത് മുന്നണിയിലെ ഈ മുഖ്യകക്ഷികളെയായിരിക്കും. ക്ഷീണിക്കുന്ന മുന്നണികളെ ഘടകകക്ഷികള്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ മുന്നണിയിലെ ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ ബലികൊടുക്കാനാണ് ഇരു മുന്നണികളിലെയും പ്രമുഖ കക്ഷിനേതാക്കളുടെ പദ്ധതി.
ഇടതുമുന്നണിയില്‍ ഗ്രാമ പഞ്ചായത്ത് മുതല്‍ കോര്പ്പറേഷന് വരെയുള്ള സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കുന്നിടത്ത്, ബിജെപിസ്ഥാനാര്ത്ഥിയ്ക്കാണ് വിജയ സാധ്യതയെങ്കില്‍ അവിടെ മറുമുന്നണിക്ക് വോട്ടു നല്‍കാനാണ് സിപിഎം തീരുമാനം. ബിജെപി വിജയിക്കുമെന്ന സാഹചര്യമാണെങ്കില്‍, എതിര് മുന്നണിക്ക് വോട്ടുകുത്തി ഘടകകക്ഷി സ്ഥാനാര്‍ത്ഥിയെ ബലികഴിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ധാരണയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും നേരിട്ടു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ഇത് എളുപ്പമാകുമെന്നാണ് കരുതുന്നത്.
സിപിഎമ്മിന്റെ അങ്കലാപ്പ് എസ്എന്‍ഡിപിയെ പിണക്കിയതുവഴി അവര്‍ക്കുണ്ടായിരിക്കുന്ന വോട്ടു ചോര്‍ച്ചയുടെ കണക്കു പുറത്തുവരുമെന്നതാണ്. അതോടെ, ഇടതുമുന്നണിയില്‍ സിപിഐ മുന്നണിയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് ഭയം. അതിനാല്‍, കൊല്ലം, തൃശൂര്‍ ,ആലപ്പുഴ, കോട്ടയം ജില്ലകളില്‍ എങ്ങനെയും വോട്ടു ചോര്‍ച്ച തടയാനുള്ള എന്തു വിദ്യയും പരീക്ഷിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. ആലപ്പുഴയിലും തൃശൂരിലും പാലക്കാട്ടും വെള്ളാപ്പള്ളി നടേശനോടുള്ള വിരോധം തീര്‍ക്കാന്‍ എന്തു ധാരണയ്ക്കും തയ്യാറാണെന്നാണ് വി.എം. സുധീരന്റെ നിലപാട്.
അതേസമയം, മലബാറില്‍, പ്രത്യേകിച്ച് മലപ്പുറത്ത് മുസ്ലിം ലീഗിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും ആശയക്കുഴപ്പമുണ്ട്. ലീഗിനെ തളയ്ക്കാനുള്ള കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പദ്ധതിയോട് കരുതലോടെയാണ് സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നത്. എന്നാല്‍, കണ്ണൂരില്‍ എത്ര രഹസ്യമായാണെങ്കില്കൂടിയും ഒത്തുകളിയ്ക്കുള്ള ഒരു ശ്രമത്തിനും സിപിഎം നേതാക്കള്‍ക്കു ധൈര്യം പോരാ. പകരം വോട്ടര്‍മാരെയാകെ ഭയപ്പെടുത്തി പക്ഷത്തു നിര്‍ത്തുകയെന്ന തന്ത്രമാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്.
എന്നാല്‍, ബിജെപി-യോഗം പ്രവര്‍ത്തകര്‍ താഴേത്തട്ടില്‍ നടത്തുന്ന യോജിച്ചുള്ള പ്രവര്‍ത്തനവും പരിവാര്‍ പ്രസ്ഥാനങ്ങളുടെ ആസൂത്രിത പരിപാടികളും പല ജില്ലകളിലും മുന്നണികളുടെ പ്രവര്‍ത്തനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: