തൊടുപുഴ: പിജെ ജോസഫിന്റെ വീട് സ്ഥിതി ചെയ്യുന്ന പുറപ്പുഴ പഞ്ചായത്തില്‍ പ്രചാരണത്തിനിറങ്ങാനാവാതെ പിജെ ജോസഫ്. പഞ്ചായത്തില്‍ 13 വാര്‍ഡുകളാണ് ഉള്ളത്. എന്നാല്‍ യുഡിഎഫിനുള്ള സ്ഥാനാര്‍ത്ഥികളാകട്ടെ 26. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അങ്കത്തിനിറങ്ങിയിരിക്കുകയാണ് പുറപ്പുഴയില്‍. രണ്ട് പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇതിനാലാണ് 13 വാര്‍ഡുള്ള പഞ്ചായത്തില്‍ 26 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളത്. ഇപ്പോള്‍ 12 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ആണ് പഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്.
കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ആറ് സീറ്റ് വീതം ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ പറ്റാതെ വന്നതോടെ യുഡിഎഫ് നെടുകെ പിളരുകയായിരുന്നു. ഇതിനാല്‍ പഞ്ചായത്തിലെ ഒരു പ്രദേശത്ത് പോലും മന്ത്രി പി.ജെ ജോസഫിന് പ്രസംഗിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനെ വെറുപ്പിച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പി.ജെ ജോസഫ് കരുതുന്നു.
ജോസഫിന്റെ തട്ടകത്തില്‍ വന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ജില്ല കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. യുഡിഎഫില്‍ അടി തുടരുമ്പോള്‍ ഒമ്പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. അഞ്ച് വാര്‍ഡുകളില്‍ ബിജെപിക്ക് എസ്എന്‍ഡിപി പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: