09
ചിറയിന്‍കീഴ്: വീട്ടിലേക്ക് മടങ്ങാന്‍ എളുപ്പവഴി നോക്കിയതാണ് കിഴുവിലും കാട്ടുംപുറത്തെ കുഞ്ഞുകൃഷ്ണന്റെ അന്ത്യയാത്രയ്ക്ക് കാരണമായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് മുടിവെട്ടിക്കാനായി ഇറങ്ങിയതായിരുന്നു കുഞ്ഞുകൃഷ്ണന്‍. രാത്രിയായിട്ടും മടങ്ങി എത്താതിരുന്നതിനാല്‍ മക്കളും ബന്ധുക്കളും അന്വേഷിച്ചിറങ്ങി. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രികളിലും ബസ്സ്റ്റാന്റുകളിലും സമീപത്തെ പ്രധാനസ്വകാര്യആശുപത്രികളിലും അനേ്വഷിച്ചെങ്കിലും അവര്‍ക്ക് കുഞ്ഞുകൃഷ്ണനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് അവിടെയെത്തിയ ഒരാള്‍ ചെറുവള്ളിമുക്കിലെ ബാര്‍ബര്‍ഷോപ്പിനു മുന്നില്‍ വൈകിട്ട് അഞ്ചുമണിയോടെ കുഞ്ഞുകൃഷ്ണനെ കണ്ട വിവരം അറിയുന്നത്. ബന്ധുക്കള്‍ ബാര്‍ബര്‍ഷോപ്പിലെത്തി ഉറപ്പുവരുത്തിയശേഷം വീട്ടിലേക്ക് എളുപ്പം മടങ്ങിയെത്താവുന്ന രാമച്ചംവിള ഇടയാവണം ക്ഷേത്രത്തിനു സമീപമുള്ള കൂന്തള്ളൂര്‍ ഏലായില്‍ തിരച്ചില്‍ നടത്തി.
തിരച്ചിലിനിടെ രാത്രി 11 മണിയോടെ ഏലായില്‍ കുഞ്ഞുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാഴ്ചക്കാരില്‍ ഭീതിജനിപ്പിക്കും വിധം ഭീകരമായിരുന്നു കുഞ്ഞുകൃഷ്ണന്റെ മൃതദേഹം കണ്ടത്. വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. മുഖം തിരിച്ചറിയാനാകാത്തവിധം കടിച്ച് വികൃതമാക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ കാണുന്നവര്‍ തലകറങ്ങി നിലത്തിരിക്കുംവിധം ഭീകരമായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സമീപത്തു നിന്ന് കുഞ്ഞുകൃഷ്ണന്റെ കൈയിലെ അസ്ഥികള്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്നു പുറപ്പെട്ട കുഞ്ഞുകൃഷ്ണന്‍ ഏലായില്‍ കൂടി നടക്കവെ ക്ഷീണത്താല്‍ തല കറങ്ങി വീഴുകയും തുടര്‍ന്ന് നായ്ക്കളാല്‍ ആക്രമിക്കപ്പെടുകയും ചെയ്തതാകാമെന്ന് പോലീസ് കരുതുന്നു. അല്ലെങ്കില്‍ നായ്ക്കള്‍ ഓടിച്ചപ്പോള്‍ കല്ലില്‍തട്ടി കമിഴ്ന്നുവീഴുകയും വീണ കുഞ്ഞുകൃഷ്ണനെ നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്തിരിക്കാമെന്നും പോലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ വിവരം അറിയുവാന്‍ കഴിയുകയുള്ളൂവെന്ന് ആറ്റിങ്ങല്‍ സിഐ സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാന്‍ എളുപ്പവഴി തേടിയ കുഞ്ഞുകൃഷ്ണന്‍ ചെന്നുപെട്ടത് ഒരുകൂട്ടം ഭ്രാന്തന് നായ്ക്കളുടെ മുന്നിലായിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: