തിരുവനന്തപുരം: എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് മത്സരത്തില്‍ അപ്പീലുകളുടെ പ്രളയം. ആകെ 21 പേരാണ് മത്സരിച്ചത്. പൊതുവെ നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ എല്ലാവരും എ ഗ്രേഡ് നേടി. എന്നാല്‍ അപ്പീല്‍ വഴി വന്ന മൂന്നു പേര്‍ക്ക് തങ്ങളുടെ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ലഭിച്ചതിനെക്കാള്‍ മാര്‍ക്ക് കുറവായതിനാല്‍ എ ഗ്രേഡ് നഷ്ടമായി. സന്താനഗോപാലമാണ് കൂടുതല്‍ പേരും അവതരിപ്പിച്ചത്. ബകാസുരവധവും ബാലിവിജയവും രുഗ്മിണീ സ്വയംവരവും ഘോഷയാത്രയുമൊക്കെ തന്മയത്വത്തോടെ തന്നെ അവതരിപ്പിക്കപ്പെട്ടു. ഏഴ് അപ്പീലുകളായിരുന്നു ഓട്ടന്‍ തുള്ളലില്‍ ഉണ്ടായിരുന്നത്.
മത്സരാര്‍ഥികളെല്ലാവരും വേദി മറന്ന് തുള്ളല്‍ അവതരിപ്പിച്ചെന്നു തന്നെ പറയാം. ചിലര്‍ക്ക് ചില ചെറിയ പിഴവുകള്‍ പറ്റിയതൊഴിച്ചാല്‍ അവതരണം ഗംഭീരമായെന്ന് സദസ്സും വിലയിരുത്തി. സ്വയം മറന്ന് തുള്ളിയതിന്റെ ഫലമായി നിരവധി മത്സരാര്‍ഥികള്‍ തങ്ങളുടെ ഊഴം അവസാനിച്ച ഉടന്‍ വേദിയില്‍ കുഴഞ്ഞുവീണു. ഇതും മത്സരാര്‍ഥികളുടെ ആത്മാര്‍ഥമായ പ്രകടനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നിഹാരിക എസ്. മോഹനാണ് ഒന്നാം സ്ഥാനം നേടിയത്. പട്ടാമ്പി സെന്റ് പോള്‍സ് എച്ച്എസിലെ പത്തില്‍ പഠിക്കുന്ന കെ.പി. പ്രീതി രണ്ടും മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസിലെ പത്തില്‍ പഠിക്കുന്ന അര്‍ച്ചിത ലക്ഷ്മി അശോകന് മൂന്നും സ്ഥാനങ്ങള്‍ നേടി.
കലാമണ്ഡലം പരമേശ്വരന്, വിശ്വകലാകേന്ദ്രം ചന്ദ്രന് നായര്‍, രാജേഷ് കിള്ളിക്കുറിശ്ശി മംഗലം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് കലാമണ്ഡലം പരമേശ്വരന് പറഞ്ഞു. പൊതുവെ പെണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് ഉന്നതനിലവാരം പുലര്‍ത്തിയെന്നും കലാമണ്ഡലം പരമേശ്വരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: