റിയോ ഡി ജനീറോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഫുട്ബോൾ ഫൈനലിൽ ജർമ്മനിയും ആതിഥേയരായ ബ്രസീലും ഏറ്റുമുട്ടും. ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് ഫൈനൽ.
സെമിഫൈനലിൽ ജർമ്മനി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് നൈജീരിയയെയും ബ്രസീൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് ഹോണ്ടുറാസിനെയും തരിപ്പണമാക്കിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ബ്രസീൽ തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. എന്നാൽ ജർമ്മനിയാകട്ടെ ചരിത്രത്തിലാദ്യവും.
ഹോണ്ടുറാസിനെതിരെ നായകൻ നെയ്മറും ഗബ്രിയേൽ ജീസസും ഇരട്ട ഗോൾ നേടി. കളി തുടങ്ങി 13-ാം സെക്കന്റിൽ തന്നെ നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചു. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. പിന്നീട് ഇഞ്ചുറി സമയത്ത് പെനാൽറ്റിയിലൂടെയും നെയ്മർ ലക്ഷ്യം കണ്ടു. 26,35 മിനിറ്റുകളിലായിരുന്നു ഗബ്രിയേൽ ജീസസിന്റെ ഗോളുകൾ. 51-ാം മിനിറ്റിൽ മാർക്വീഞ്ഞോയും 79-ാം മിനിറ്റിൽ ലുവാനും ബ്രസീലിനായി ലക്ഷ്യം കണ്ടു.
നൈജീരിയക്കെതിരായ മത്സരത്തിൽ 9-ാം മിനിറ്റിൽ ലൂക്കാസ് ക്ലോസ്റ്റർമാനും 89-ാം മിനിറ്റിൽ നിൽസ് പീറ്റേഴ്സണും നേടിയ ഗോളുകുടെ കരുത്തിലാണ് ജർമ്മനി ചരിത്രത്തിലാദ്യമായി ഫൈനൽ ബർത്ത് നേടിയത്.
വെങ്കലമെഡലിനായുള്ള പോരാട്ടത്തിൽ ഹോണ്ടുറാസും നൈജീരിയയും ഏറ്റുമുട്ടും. ശനിയാഴ്ച രാത്രി 9.30ന് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: