അഡ്ലെയ്ഡ്: ഇതിലും ഗംഭീരമായ തുടക്കം കിട്ടാനില്ല ടീം ഇന്ത്യയ്ക്ക്. കിരീടം കാക്കാന്‍ കച്ചമുറുക്കുന്ന മഹേന്ദ്ര സിങ് ധോണിയും കൂട്ടരും പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ അനായാസം കീഴടക്കി ലോകകപ്പ് പ്രയാണത്തിന് ശുഭാരംഭം കുറിച്ചു.
പൂള് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 76 റണ്‍സിനാണ് പാക് പടയെ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ടോസ് നേടി ബാറ്റെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് കളഞ്ഞ് 300 റണ്‍സ് പടുത്തുയര്‍ത്തി. പാക്കിസ്ഥാന്റെ മറുപടി 47 ഓവറില്‍ 224ല്‍ ഒതുങ്ങി. വിരാട് കോഹ്ലിയുടെ (107) സെഞ്ച്വറിയും സുരേഷ് റെയ്നയുടെയും (74) ശിഖര്‍ ധവാന്റെയും (73) അര്‍ധ സെഞ്ച്വറികളും പേസര്‍ മുഹമ്മദ് ഷാമിയുടെ നാലു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യന്‍ ജയത്തിനാധാരം. പാക്കിസ്ഥാനുവേണ്ടി പേസര്‍ സൊഹെയ്ല് ഖാനും (5 വിക്കറ്റ്), ക്യാപ്ടന് മിസ്ബ ഉല് ഹക്കും (76) നടത്തിയ ഒറ്റയാന് പരിശ്രമങ്ങള്‍ വിഫലം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ടീം ഇന്ത്യയ്ക്കു രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും അഭിനന്ദനം. ടീം ഇന്ത്യയെ അഭിനന്ദിക്കുന്നതായി ട്വീറ്റ് ചെയ്ത രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിജയം തുടരാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: