പാലക്കാട്: കഴിഞ്ഞ അരനൂറ്റാണ്ടു കാലത്ത് മലയാളത്തില്‍ ഉണ്ടായ മാസ്റ്റര്‍ പീസാണ് ഖസാക്കിന്റെ ഇതിഹാസമെന്ന മന്ത്രി എ കെ ബാലന് പറഞ്ഞു. ഒ.വി. വിജയന് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തസ്രാക്കിലേക്ക് വീണ്ടും എന്ന സാംസ്കാരിക കൂട്ടായ്മയുടെ സമാപന സമ്മേളനമായ പ്രവാചകന്റെ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പകരം വെക്കാനില്ലാത്ത ഈ മൗലിക സൃഷ്ടി നോവല്‍ സാഹിത്യത്തെ ഖസാക്കിന് മുന്‍പും ശേഷവും എന്ന് വിഭജിച്ചു. നോവലിന്റെ കല എന്നത് ഒ.വി. വിജയനിലൂടെ ചരിത്രം രേഖപ്പെടുത്തുകയാണ്. തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം ഇന്ന് പേരും പെരുമയും നേടിക്കഴിഞ്ഞു. ഇന്ന് തസ്രാക്ക് ഒരു ഗ്രാമ നിര്‍മിതിയുടെ സാഫല്യം അനുഭവിക്കുകയാണ്.
ലളിതകലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അതുകൊണ്ട് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം 50 ശതമാനം വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമായി ഖസാക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒ.വി. വിജയന് സ്മാരകത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഭരണസമിതി സര്‍ക്കാരിന് നല്കിയ അമ്പതുലക്ഷം രൂപയുടെ പദ്ധതി പരിഗണിക്കുന്നതായും മന്ത്രി ഉറപ്പ് നല്കി.
പ്രശസ്ത ശില്‍പ്പികളായ വി.കെ. രാജന്,ജോസഫ് എം.വര്‍ഗ്ഗീസ്, ജോണ്സണ് മാത്യൂ, ഹോചിമിന്‍ എന്നിവര്‍ ഒരുക്കിയ ഖസാക്ക് ശില്പ വനത്തിന്റെയും വിജയനെ ദൃശ്യ അനുഭവങ്ങളിലൂടെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുന്ന ലൈവ് തിയേറ്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
പരിപാടിയില്‍ ഒ.വി. വിജയന് സ്മാരക സമിതി ചെയര്മാന് ടി.കെ. നാരായണ ദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.ആര്. അജയന്, ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരായ രവി ഡി.സി, കെ.എസ്. രവികുമാര്‍, ടി.എന്‍. കണ്ടമുത്തന്‍,പ്രൊഫ: വി.എന്‍. മുരളി, എന്‍ രാധാകൃഷ്ണന് നായര്‍, ടി.എ. സത്യപാല്‍, ഒ.വി. ഉഷ, ആനന്ദി രാമചന്ദ്രന്, ജ്യോതിഭായ് പരിയാടത്ത്, എ.പ്രഭാകരന്,സുഭാഷ് ചന്ദ്ര ബോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: