കല്‍പ്പറ്റ: അയല്‍ ജില്ലയായ നീലിഗിരിയിലേതുപോലെ വയനാട്ടില്‍ കല്ല്, മണല്‍ ഖനനവും ക്രഷറുകളും പൂര്‍ണമായി നിരോധിക്കണമെന്ന കടുത്ത നിലപാടുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. ആറാട്ടുപാറ, കൊളഗപ്പാറ, ചീങ്ങേരിപ്പാറ, ഫാന്റം റോക്ക് എന്നിവിടങ്ങളിലെ ഖനനം, ക്രഷര്‍ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടി ഉത്തരവിനു വിധേയമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കളക്ടറേറ്റില്‍ നടത്തിയ വിചാരണയിലാണ് സമിതി പ്രസിഡന്റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും ഈ നിലപാട് അറിയിച്ചത്.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്റെ ഉത്തരവ് വയനാടിന്റെ വിശാല താത്പര്യത്തിനു അനുഗുണമായതിനാല്‍ നിലനിര്‍ത്തണമെന്നും എല്ലാവിധ ഖനനങ്ങളും വയനാട്ടില്‍ നിരോധിക്കണമെന്നുമാണ് സമിതി പ്രസിഡന്റും സെക്രട്ടറിയും വാദിച്ചത്. ഖനന നിരോധനം വയനാട്ടില്‍ വികസന സ്തംഭനത്തിനു കാരണമാകുമെന്ന പ്രചാരണത്തില്‍ കഴന്വില്ലെന്നും അഞ്ച് പതിറ്റാണ്ടോളമായി ക്വാറി-ക്രഷര്‍ വിലക്കുള്ള നീലഗിരി ജില്ലയില്‍നിന്നുള്ള അനുഭവങ്ങള്‍ ഇതിനു തെളിവാണെന്നും സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വികസനത്തിനെന്ന പേരില്‍ നടത്തുന്ന ഖനനങ്ങള്ക്കപ്പുറം ജനങ്ങള്‍ക്കാവശ്യമുള്ള കുടിവെള്ളത്തിനും ഭക്ഷണത്തിനും പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ക്രഷര്‍ നടത്തിപ്പുകാര്‍ ഭൂഗര്‍ഭജലം കൊള്ളയടിക്കുകയാണെന്നും കൃഷ്ണഗിരിയിലെ ക്രഷറില്‍ മാത്രം 15 കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നും ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: