മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തതോടെ ബിജെപി മാത്രം എതിര്‍പക്ഷത്തായി. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് സിപിഎം ലീഗിനോട് മൃദുസമീപനം സ്വീകരിച്ചത്. യുവരക്തത്തെ ബലി നല്കി സിപിഎം തന്ത്രപരമായി മത്സരത്തില്‍ നിന്ന് പിന്മാറി. അതിനിടെ ഇരുപാര്‍ട്ടികളെയും പിന്നിലാക്കി ബിജെപി പ്രചാരണം ഊര്‍ജ്ജിതമാക്കി.
സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇരുമുന്നണിയിലും വാക്കുതര്‍ക്കം നടന്നപ്പോഴും ബിജെപി ഐക്യകണ്ഠേനയാണ് എന്‍.ശ്രീപ്രകാശിനെ തെരഞ്ഞെടുത്തത്. അതേ ആവേശത്തോടെ തന്നെയാണ് പ്രവര്‍ത്തകരും. നാളെയാണ് ബിജെപിയുടെ മണ്ഡലം കണ്വെന്ഷന്. ഇതോടെ പ്രചരണത്തിന്റെ മുഖം മാറും. വാര്‍ഡ് തലത്തിലുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അണികളും മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയെ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ സജ്ജരായിരിക്കുകയാണ്. വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ ഇ.അഹമ്മദിനെ എതിരിട്ടപ്പോള്‍ 64705 വോട്ടുകളാണ് ശ്രീപ്രകാശിന് ലഭിച്ചത്. ഇത് പരമാവധി വര്ദ്ധിപ്പുന്നതിലൂടെ മോദി സര്‍ക്കാറിന് മലപ്പുറത്തു നിന്നുള്ള പിന്തുണ വ്യക്തമാക്കപ്പെടണമെന്ന ലക്ഷ്യത്തിലൂന്നിയാണ് എന്‍.ഡി.എ സഖ്യത്തിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍.ശ്രീപ്രകാശിന്റെ പ്രചരണം പുരോഗമിക്കുന്നത്.
സിറ്റിംഗ് സീറ്റില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയാണ് ലീഗിന്റെ പടയൊരുക്കം. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇതുവരെ ലീഗിനായിട്ടില്ല. ഇന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2014ല്‍ ഇ അഹമ്മദ് ജയിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി അത് മറികടക്കണമെന്നാണ് ലീഗിന്റെ തീരുമാനം. രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷമെങ്കിലും നേടണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. വോട്ട് കുറയുകയാണെങ്കില്‍ അത് യുഡിഎഫിനും ലീഗിനുമേല്ക്കുന്ന കടുത്ത പ്രഹരമാകും. സംഘടനാതലത്തിലും മുന്നണിയിലും മലപ്പുറത്ത് അസ്വാരസ്യങ്ങളുള്ളത് ലീഗിന് വെല്ലുവിളിയാണ്. ഇത് മുന്‍നിര്‍ത്തി പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. ലീഗിന്റെ മുഴുവന്‍ എം.എല്‍.എമാരേയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല നല്കി മണ്ഡലത്തില്‍ സജീവമാക്കും. ഇടതു സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ലീഗിനെ പിണക്കരുതെന്ന സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ ഫൈസലിനും കൂട്ടര്‍ക്കും ഈ തെരഞ്ഞെടുപ്പ് വെറുമൊരു അഭിനയം മാത്രമായി മാറും. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ.സൈനബക്ക് 2,42,884 വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പത്തുമാസത്തെ ദുര്‍ഭരണം ഈ വോട്ട് ഗണ്യമായി കുറക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: