പാലക്കാട് : പുതുതായി ആരംഭിക്കുന്ന രണ്ട് ട്രെയിനുകള്‍ ടൗണ്സ്റ്റേശന് വഴി പോകുവാന്‍ തീരുമാനമായെങ്കിലും ഇവിടെ സ്റ്റോപ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
എറണാകുളത്തു നിന്നും രാമേശ്വരത്തേക്കും, പുനെയില്‍ നിന്നും തിരുനെല്വേലിയിലേക്കുമാണ് ട്രെയിനുകള്‍ തുടങ്ങുന്നത്. പാലക്കാട് ജംഗ്ഷനിലെത്തുന്ന ഇരു ട്രൈയിനുകളും അരമണിക്കൂര്‍ നിര്‍ത്തിയിട്ട് ശേഷമാണ് പാലക്കാട് ടൗണിനെ നോക്കുകുത്തിയാക്കി കടന്നു പോകുന്നത്. നിത്യേന ആയിരക്കണക്കിനാളുകള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചി, മധുര, പഴനി, രാമേശ്വരം, ദിണ്ഡിക്കല്‍, എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോയിവരുന്നത്.
മാത്രമല്ല പഴനിയിലേക്ക് ട്രയിന്‍ സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊള്ളാച്ചിലൈന് പ്രവര്‍ത്തനക്ഷമമായതിനുശേഷം അമൃത, തിരുച്ചന്തൂര്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എട്ടു വര്‍ഷത്തിന് ശേഷമാണ് പുതിയ രണ്ടു സര്‍വീസുകള്‍ തുടങ്ങുന്നത്. ഉദ്യോഗസ്ഥരുടെ കടുംപിടിത്തവും നിക്ഷിപ്ത താത്പര്യങ്ങളുമാണ് ടൗണ്‍ സ്റ്റേഷനെ ഒഴിവാക്കുവാനുള്ള കാരണം.
ഇരു ട്രെയിനുകളും ടൗണ്‍ സ്റ്റേഷനില്‍ നിര്‍ത്തുകയാണെങ്കില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമാകും യാത്ര ദുരിതവും ഒഴിവാകും. ഇതു സംബന്ധിച്ച് ശൈവവെള്ളാള സര്‍വീസ് സൊസൈറ്റി പ്രധാനമന്ത്രി, റെയില്‍വേമന്ത്രി, സംസ്ഥാന റെയില്‍വേമന്ത്രി, ഡിആര്‍എം, എം.പി എന്നിവര്‍ക്ക് നിവേദനം നല്കാന് തീരുമാനിച്ചു. ഇല്ലെങ്കില്‍ സമാനചിന്താഗതിക്കാരുമായി ഒത്തുചേര്‍ന്ന് ശക്താമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്മാന് നടരാജന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സടഗോപാലന്‍, സമ്പത്ത്, ഷണ്മുഖന്, ചെന്താമര, റിട്ട.എഡിഎം.കെ.ഗണേശന്, ശരവണകുമാര്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി വി.നടേശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: