ആലത്തൂര്‍ : തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ആക്രമിച്ച കേസില്‍ മാലമോഷണ കേസിലെ പ്രതികള്‍ ഉള്‍പ്പടെ നാല് പേര് അറസ്റ്റില്‍.
ചിറ്റിലഞ്ചേരി കൂട്ടാലയ്ക്കു സമീപം ഓടികൊണ്ടിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് ബസ് ആക്രമിച്ച കേസിലെ പ്രതികളായ എലവഞ്ചേരി കുറുപ്പം വീട്ടില്‍ അഖിത്ത് (22), വിത്തനശ്ശേരി മണ്ണാലക്കാട് നികേഷ് (24), മനക്കല് വീട്ടില്‍ ധനേഷ് (24), നെന്മാറ വല്ലങ്ങി അനുകുമാര്‍ (24) എന്നിവരാണ് പിടിയിലായത്.
പ്രധാന പ്രതി എലവഞ്ചേരി സ്വദേശി മഹേഷ് ഒളിവിലാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.തിരുപ്പൂരില്‍ നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസ് നെന്മാറ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലെ ഹമ്പില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച കാറിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നു വാക്കു തര്‍ക്കമാണ് പ്രകോപനത്തിന് കാരണം.
ഇതിനു ശേഷം ചിറ്റിലഞ്ചേരി കൂട്ടാലയ്ക്കു സമീപം ബസിനു മുന്നില്‍ ക്രോസായി കാറിട്ട് പ്രതികള്‍ ജീവനക്കാരെയും യാത്രക്കാരെയും ആക്രമിക്കുകയായിരുന്നു.
യാത്രക്കാരായ ഗുരുവായൂര്‍ കോട്ടപ്പടി ചെമ്മണൂര്‍ റോഡില്‍ കൊച്ചപ്പന്റെ മകന് പാണ്ടി (40) ,വടക്കഞ്ചേരി കൊന്നഞ്ചേരി വേലായുധന്റെ മകന് മനു (27) ,ബസ് ഡ്രൈവര്‍ പൊള്ളാച്ചി രാമസ്വാമിയുടെ മകന് ശ്രീനിവാസന് (57) ,കണ്ടക്ടര്‍ പൊള്ളാച്ചി വിനായക കോവില്‍ സ്ട്രീറ്റില്‍ വേലുച്ചാമിയുടെ മകന് പളനിച്ചാമി (40) എന്നിവരെ മദ്യപിച്ചെത്തിയ പ്രതികള്‍ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
താടിയെല്ല് പൊട്ടിയ പാണ്ടി ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ജീവനക്കാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നെന്മാറ ബസ് സ്റ്റാന്‍ഡിനു സമീപം വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പോലീസ് പിടികൂടി പ്രതികളെ ചോദ്യം ചെയ്യലിനിടെയാണ് ഇവരില്‍ അഖിത്തും നികേഷും മാല മോഷണ കേസില്‍ പ്രതികളാണെന്ന് മനസിലായത്.മോഷ്ടിച്ച മാല നെന്മാറയിലെ സ്ഥാപനത്തില്‍ വിറ്റതില്‍ നിന്നും ലഭിച്ച 68,000 രൂപയുമായി വാടകയ്ക്കെടുത്ത കാറില്‍ സഞ്ചരിച്ച് മദ്യപിച്ച് കറങ്ങി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
വെള്ള നിറത്തിലുള്ള സ്കൂട്ടറില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ മാല പൊട്ടിക്കലാണ് ഇവരുടെ മോഷണരീതി. നികേഷ് വാഹനം ഓടിക്കുകയും അഖിത്ത് മാല പൊട്ടിക്കുകയുമായിരുന്നു പതിവ്. മറ്റു രണ്ട് പ്രതികള്‍ക്കും മോഷണവുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
വെമ്പല്ലൂരില്‍ നിന്നും രണ്ടര പവനും എത്തന്നൂരില് നിന്ന് ഒന്നര പവന് മാലയുമാണ് ഇവര്‍ പൊട്ടിച്ചത്. സ്വര്‍ണവും ചിലവായതൊഴിച്ച പണവും ഇവര്‍ സഞ്ചരിച്ച കാറും മോഷ്ടിക്കാനുപയോഗിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു.
കൊല്ലങ്കോട് സിഐ സലീഷ്.എന്‍.ശങ്കരന്റെ നിര്‍ദ്ദേശാനുസരണം ആലത്തൂര്‍ എസ് ഐഎസ് അനീഷ്, അഡീഷണല്‍ എസഐ എം.ഐ.മുഹമ്മദ് കാസിം, സിപിഒമാരായ സൂരജ്, മണികണ്ഠന്, റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: