പാലക്കാട്: പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം–താലപ്പൊലി (പുത്തൂര്‍ വേല) ഉത്സവത്തിന്റെ കൂത്ത് കൂറയിടല്‍ ഇന്ന് രാവിലെ എട്ടിനു ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഏപ്രില്‍ ഏഴിനാണു താലപ്പൊലി. വേല ആഘോഷത്തിനു മുന്നോടിയായുള്ള ശുദ്ധികലശം ആരംഭിച്ചു.
ഇന്നു മുതല്‍ 30 വരെ ദിവസവും രാത്രി 11 നു തോല്‍പ്പാവക്കൂത്ത് ഉണ്ടായിരിക്കും. 17, 23 തീയതികളില്‍ കഥകളി, 18നു സംഗീതസായാഹ്നം. 19, 21, 24 ദിവസങ്ങളില്‍ നൃത്തനൃത്യങ്ങള്‍, 20നു കൂടിയാട്ടം, 21നു ബ്രാഹ്മണിപ്പാട്ട്, 22നു കൃഷ്ണനാട്ടം, 25നു ബാലെ, 18 മുതല്‍ 31 വരെ രാവിലെ 11 നു ഡോ.ഉമാ സംഗമേശ്വരന്, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ബ്രഹ്മാകുമാരി മീന, സ്വാമി സന്മയാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും.
ഒന്നിനു പാഠകം, രണ്ടിന് അക്ഷരശ്ലോകസദസ്സ്, മൂന്നിനു ചാക്യാര്‍കൂത്ത്, നാലിന് ഓട്ടന്തുള്ളല്, അഞ്ചിനു നങ്ങ്യാര്‍കൂത്ത്, ആറിനു ശീതങ്കന്‍തുള്ളല്‍ എന്നിവ ഉണ്ടാകും. അഞ്ചിനു വലിയ വിളക്കു ദിനത്തില്‍ രാവിലെയും വൈകിട്ടും കാഴ്ചശീവേലി, 6.45 നു തായമ്പക, രാത്രി എഴുന്നള്ളിപ്പ്. ആറിനു ശോധന വേല ആഘോഷിക്കും. 18 മുതല്‍ ഏപ്രില്‍ ഏഴുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉദയാസ്തമയപൂജയും പിറ്റേന്നാള്‍ കളഭാഭിഷേകവും നടക്കും.
പുത്തൂര്‍ വേലയോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവത്തിന് 26നു സംഗീത സംവിധായകന് എം.ജയചന്ദ്രന് നയിക്കുന്ന മെലഡീസിലൂടെ തിരിതെളിയും. വൈക്കം വിജയലക്ഷ്മി, മൃദുല വാരിയര്‍, ശ്രേയ ജയദീപ്, നിഖില്‍രാജ്, ജിതിന് രാജ്, ശ്രീരാം എന്നിവരും ഗാനങ്ങളുമായി വേദിയിലെത്തും. 27 നു പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയുടെ സന്തൂര്‍ വാദനം. 28നു കര്‍ണാടക സംഗീത കച്ചേരിയുമായി ബോംബെ ജയശ്രീ അരങ്ങിലെത്തും. 29നു ഡോ.നര്‍ത്തകി നടരാജിന്റെ ഭരതനാട്യവും തുടര്‍ന്നു ബിംബാവതി ദേവി നയിക്കുന്ന മണിപ്പൂരി ഡാന്‍സ്.
30നു ജ്ഞാനപ്പാന നൃത്തനാടകവുമായി നടന് വിനീതും ഭരതനാട്യവുമായി നന്ദിനി വിഷ്ണുവും ആസ്വാദകര്‍ക്കു മുന്നിലെത്തും. 31നു ചിന്മയി ശ്രീപദ അവതരിപ്പിക്കുന്ന ഭജന്‍സും മെലഡീസും. ഒന്നിനു ഗൗരി ദിവാകറിന്റെ കഥക് നൃത്തത്തിനുശേഷം കൊണാര്‍ക് നാട്യ മണ്ഡപത്തിന്റെ ഗോട്ടിപുവ കലാരൂപം അരങ്ങിലെത്തും. രണ്ടിനു പുണ്യ ശ്രീനിവാസിന്റെ വീണ കച്ചേരി ഫ്യൂഷന്‍ നിര്‍വാണ. പിന്നണിയായി പ്രകാശ്യ ഉള്ള്യേരി എത്തും. മൂന്നിന് രതീഷ് വേഗ അവതരിപ്പിക്കുന്ന മെലഡീസ്.നാലിനു സൂരജ് സന്തോഷ് നയിക്കുന്ന മസാല കോഫി ഫ്യൂഷന്‍ മെലഡീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: