മേപ്പാടി: നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രവൃത്തിക്ക് മേപ്പാടി പഞ്ചായത്ത് ഭരണ സമിതി ടെണ്ടര്‍ ക്ഷണിച്ചു. പഞ്ചായത്തിന്റെ നടപടി വിവാദമാവുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനും, പൊലീസ് സ്റ്റേഷനും സമീപം നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ബസ്സ്റ്റോപ്പിന്റെയും, സംരക്ഷണ ഭിത്തിയുടെയും നിര്‍മ്മാണത്തിനാണ് പഞ്ചായത്ത് ടെണ്ടര്‍ ക്ഷണിച്ചത്. ഇത് സംബന്ധിച്ച് 13ാം തിയ്യതി പ്രതിപക്ഷം ഇംപ്ലിമെന്റ് ഓഫീസറായ അസിസ്റ്റന്റ് എഞ്ചിനീയറോട് വിശദീകരണം തേടുകയുണ്ടായി. ഇതേ തുടര്‍ന്ന് രണ്ട് പ്രവൃത്തികള്‍ ടെണ്ടറില്‍ നിന്നും ഒഴിവാക്കി തടിയൂരാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ന് ചേരുന്ന ജില്ലാ പ്ലാനിംഗ് യോഗത്തില്‍ ദേദഗതിക്കായി സമര്‍പ്പിച്ചിട്ടുമുണ്ട്. ബസ്സ്റ്റോപ്പ് നിര്‍മ്മാണം, സംരക്ഷഭിത്തിയുടെ പ്രവൃത്തി എന്നിവ ടെണ്ടര്‍ മാറ്റി ഗുണഭോക്തൃ കമ്മിറ്റിയാക്കാനാണ് ഡി.പി.സിക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഭേദഗതി ലിസ്റ്റില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷം ജില്ലാ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് പരാതി നല്കി നല്‍കിയിട്ടുണ്ട്.
മുന്‍ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണ് ഈ പ്രവൃത്തികള്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിലെ 2015-16 വാര്‍ഷിക പദ്ധതിയില്‍ 3.50 ലക്ഷം രൂപ വകയിരുത്തി ബസ്സ്റ്റോപ്പ് നിര്‍മ്മാണത്തിന് അംഗീകാരം വാങ്ങിയിരുന്നു. പ്രവൃത്തി ഇതേ വര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ 2016-17ല്‍ 159ാം നമ്പറായി സ്പില്‍ ഓവറില്‍ പ്രവൃത്തി ഉള്‍പ്പെടുത്തുകയുണ്ടായി. ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് 2016-17ല്‍ ബസ്വെയ്റ്റിംഗ് ഷെഡ് പൂര്‍ത്തീകരണം എന്ന പ്രൊജക്ടില്‍ 4.95 രൂപയും, 2016-17ല്‍ തന്നെ ബസ്സ്റ്റോപ്പിന് സമീപം സംരക്ഷണ ഭിത്തി എന്ന പദ്ധതിയില്‍ 3 ലക്ഷം രൂപയും ഉള്‍പ്പെടെ മൂന്ന് പ്രൊജക്ടുകളിലായി 11.45 ലക്ഷം രൂപ വകയിരുത്തുകയുണ്ടായി. ഇതില്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയായ 159ാം നമ്പര്‍ പ്രൊജക്ട് ഗുണഭോക്തൃ കമ്മിറ്റിയും, മറ്റു പ്രവൃത്തികള്‍ക്ക് ടെണ്ടറുമായി നടപ്പിലാക്കാന്‍ പ്രൊജക്ട് തയ്യാറാക്കി അംഗീകാരം വാങ്ങിയത്. സ്പില്‍ ഓവര്‍ പ്രവൃത്തി ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ച് എഗ്രിമെന്റ് വെച്ച് പ്രവൃത്തീകരിക്കുകയും, ബസ്വെയ്റ്റിംഗ് ഷെഡ്ഡും, സംരക്ഷണ ഭിത്തിയും ടെണ്ടര്‍ നടപടികളൊന്നുമില്ലാതെ ഇപ്പോള്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മേപ്പാടി ഗ്രാമപഞ്ചായത്ത് 16 പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രവൃത്തികളും ടെണ്ടറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ ഈ നടപടിയാണ് വന്വിവാദത്തിനിടയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: