മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം മാർച്ച് 14- മുതൽ 28- വരെ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറാട്ടുത്സവത്തിനു തുടക്കം കുറിച്ച് ചൊവ്വാഴ്ച പള്ളിയറ വാൾ എഴുന്നള്ളിക്കും.
പാണ്ടിക്കടവ് ജിനരാജതരകന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വാൾ ആദ്യം പള്ളിയറ ക്ഷേത്രത്തിലേക്കും തുടർന്ന് വള്ളിയൂർക്കാവിലേക്കും എഴുന്നള്ളിക്കും. വാൾ എഴുന്നളിളിക്കുന്നതോടെ 15- ദിവസം നീണ്ടു നിൽക്കുന്ന ആറാട്ടു മഹോത്സവത്തിനു തുടക്കമാവും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാത്രി മേലേക്കാവിൽ നിന്നും താഴെ കാവിലേക്ക് എഴുന്നള്ളത്ത് നടത്തും. ഉത്സവം തുടങ്ങി ഏഴാംനാൾ കൊടിയേറ്റവും ഉത്സവം കഴിഞ്ഞ് ഏഴാനാൾ കൊടിയിറക്കവും നടത്തും.
ഉത്സവത്തിന്റെ സുഗമമായി നടത്തിപ്പിനായി ആഘോഷ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും ഉച്ചയ്കും രാത്രിയും അന്നദാനം നൽകും. ഉത്സവ സമാപന ദിവസം വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള അടിയറകൾ വള്ളിയൂർക്കാവിൽ സംഗമിക്കും. തുടർന്ന് ആറാട്ടുതറയിലേക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളത്ത് നടത്തും. ട്രസ്റ്റി ഏച്ചോം ഗോപി, എക്സിക്യൂട്ടിവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനൻ, ജന. സെക്രട്ടറി പി.വി. സുരേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: