മലപ്പുറം: കഠിനമായ വേനല്‍ചൂടിനെ സാക്ഷിയാക്കി മലപ്പുറം ലോകസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പും 17ന് വോട്ടെണ്ണലും നടക്കും. 16ന് വിഞ്ജാപനമിറങ്ങും. 23ന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച് തുടങ്ങും.
ഇ.അഹമ്മദിനെ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലം സുരക്ഷിതമാണെന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. സംസ്ഥാന ഭരണത്തില്‍ ശോഭിക്കാനാവാത്തതില് മലപ്പുറത്ത് ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവെക്കാനാവില്ലെന്ന് എല്‍ഡിഎഫിന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. എങ്കിലും ഭിന്നിപ്പിച്ച് ഭരിക്കുകായെന്ന സ്ഥിരം രീതി ഇവിടെയും ആവര്‍ത്തിക്കാന്‍ സിപിഎം ശ്രമിക്കും.
വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്സഭ മണ്ഡലം. ഇതില്‍ എല്ലാ മണ്ഡലങ്ങളെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ലീഗാണ്. അതേ സമയം മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ലീഗ് പ്രതിനിധികള്‍ നിയമസഭയില്‍ കടന്നുകൂടിയത്. എങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള സഹാതാപം അനുകൂലമാകുമെന്നാണ് ലീഗ് ഉറച്ചുവിശ്വസിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഇ.അഹമ്മദിന്റെ മകളുടെ പേര് ഉയര്‍ത്തിക്കാട്ടി ലീഗിലെ ഒരുവിഭാഗം നീക്കം തുടങ്ങി. ഇ.അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ ആവശ്യം. പക്ഷേ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കാന്‍ സന്നദ്ധനായ സാഹചര്യത്തില്‍ അദ്ദേഹത്തെ തഴയാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് സ്വഭാവികമായും മുതിര്‍ന്ന നേതാവായ കുഞ്ഞാലിക്കുട്ടിക്കായിരിക്കും നറുക്ക് വീഴുക. എന്നാല്‍ കുഞ്ഞാലിക്കുട്ടി കൂടുതല്‍ ശക്തനാകുന്നത് തടയുകയാണ് മറുപക്ഷത്തിന്റെ ലക്ഷ്യം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധായകന് കമലിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി മുസ്ലീംലീഗിനെ പ്രതിരോധത്തിലാക്കുകയാണ് ഇതുവഴി എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇക്കാര്യം സിപിഎം നേതൃത്വം ചര്‍ച്ച ചെയ്തു. എന്നാല്‍ കമല്‍ താല്പര്യമില്ലെന്ന് അറിയിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ട്. കമല്‍ മത്സരത്തില്‍ നിന്നും പിന്മാറിയാല് ഡിവൈഎഫ്ഐ നേതാവായ അഡ്വ.പി.എ.മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സിപിഎമ്മോ എല്‍ഡിഎഫ് മുന്നണിയോ അന്തിമമായി ചര്‍ച്ച ചെയ്തിട്ടില്ല. കമലുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദങ്ങള്‍ മലപ്പുറത്തു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നത്. കൂടാതെ എന്‍ഡിഎഫ് പോലുള്ള മതതീവ്രവാദ സംഘടനകളുടെ പിന്തുണയും ലഭിക്കുമെന്ന് സിപിഎം അനുമാനിക്കുന്നു. നേരത്തെ കമലിന് എന്‍ഡിഎഫുമായി ബന്ധമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
മുസ്ലിംഭൂരിപക്ഷമുള്ള മലപ്പുറം പോലുള്ള ജില്ലയില്‍ കമലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് പാര്‍ട്ടിക്കും ഏറെ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. കൂടാതെ ലീഗ് പ്രതിരോധത്തിലാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കൂകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: