പാലക്കാട്: നഗരത്തെ ഭക്തിയുടെ പെരുംകടലാക്കികൊണ്ട് ഉത്സവങ്ങളില്‍ പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേല ഇന്ന്.
മണപ്പുള്ളിക്കാവ് ദേശത്തോടൊപ്പം സമീപദേശങ്ങളായ യാക്കര,കൊപ്പം,വടക്കന്തറ എന്നീനാലുദേശങ്ങളിലെ വേലകള്‍ കോട്ടമൈതാനത്ത് സംഗമിക്കുന്നത് കാണാന്‍ ആയിരകണക്കിന് പൂരപ്രേമികളെത്തും.
ഇന്ന് രാവിലെ തുടങ്ങുന്ന വേലയാഘോഷത്തിന്റെ ഭാഗമായി നഗരവീഥികളില്‍ വിവിധ വേഷങ്ങള്‍ വീടുകളും കടകളും കയറിയിറങ്ങി സംഭാവനകള്‍ സ്വീകരിച്ച് വൈകിട്ടോടെ ക്ഷേത്രത്തിലെത്തും.
വേലയോടനുബന്ധിച്ച് നഗരത്തിന്റെ നാനാവീഥികളില്നിന്നും ഒഴുകിയെത്തുന്ന വണ്ടിവേഷം,തായമ്പക, ശിങ്കാരി മേളം,തപ്പട്ട,തട്ടിന്മേല്കൂത്ത,പ്രച്ഛന്നവേഷങ്ങള്‍, ബാന്റ്സെറ്റ് എന്നിവയെല്ലാം സന്ധ്യയോടെ കോട്ടമൈതാനത്ത് സംഗമിക്കും. വിവിധദേശങ്ങളില്നിന്നെത്തുന്ന മുപ്പതോളം വരുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കോട്ടക്കുമുന്നില്‍ അണിനിരക്കും.
വേലയുടെ പ്രശസ്തിയില്‍ കടല്‍കടന്നെത്തുന്ന വിദേശികള്പതിവുതെറ്റാതെ ഇത്തവണയും എത്തിക്കഴിഞ്ഞു. ഇന്നു പുലര്ച്ചെനാലിന് മണപ്പുള്ളിക്കാവിലെ നട തുറക്കുന്നതോടെ ദര്‍ശനത്തിനായി ജനസഹസ്രങ്ങള്‍ ഒഴുകിത്തുടങ്ങും.
കിഴക്കേയാക്കര മണപ്പുള്ളിക്കാവില്‍ കാലത്ത് നാലിന് നടതുറക്കും.5.30ന് ഉഷപൂജ. 6.30ന് വിദ്വാന് എസ് നടരാജനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരകച്ചേരി. 7.00 ന് പരിവാരപൂജ, 8.00 ന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി,10.00ന് അന്നദാനം എന്നിവ നടക്കും. 11.00ന് പടിഞ്ഞാറെയാക്കര ശ്രീമൂലസ്ഥാനത്തുനിന്നും വാളും പീഠവും ക്ഷേത്രത്തിലേക്ക് ആനയിക്കല്‍,12ന് പൂര്ണചാന്താഭിഷേകം, ഉച്ചപൂജഎന്നിവയും ഉച്ചയ്ക്ക് 1.30ന് പഞ്ചമദ്ദളകേളി,കുഴല്പ്പയറ്റ്,കൊമ്പുപയറ്റ് എന്നിവ അരങ്ങേറും.
വൈകുന്നേരം 3.15ന് കോട്ടമൈതാനിയിലേക്ക് 15 ഗജവീരന്മാരോടുകൂടി വേല എഴുന്നെള്ളിപ്പും തുടര്‍ന്ന് നടപാണ്ടിമേളവും നാദസ്വരവും ഉണ്ടാവും. അഞ്ചിന് കോട്ടമൈതാനിയില്‍ എഴുന്നള്ളത്തും പഞ്ചവാദ്യവും ശ്രദ്ധേയമാവും.നഗരവീഥികളില്‍ കണ്ണിനും മനസ്സിനും കുളിരണിയിച്ച് കലാരൂപങ്ങളും ഗജവീരന്മാരുമൊക്കെയായി ഭഗവതിമാര്‍ ജനസഹസ്രങ്ങളെ സാക്ഷിയാക്കി രാത്രിയോടെക്ഷേത്രസന്നിധിയിലെത്തി ഉപചാരം ചൊല്ലിപ്പിരിയും.
രാത്രി 9ന് വേല കാവുകയറും തുടര്‍ന്ന് വര്‍ണ്ണാഭമായ വെടിക്കെട്ടിന് ജനസാഗരം സാക്ഷ്യം വഹിക്കും. രാത്രി 12 ന് മെഗാ ഗാനമേളയും പുലര്‍ച്ചെ3.30ന് രാവേലയുംനടക്കും.
മൂന്നിന് രാവിലെ ആറിന് ഇടയ്ക്ക പ്രദക്ഷിണം, 6.30ന് കൊടിയിറക്കമാണ്. ഇതോടെ വേലയാഘോഷത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: