പരപ്പനങ്ങാടി: പാലക്കാട് കഞ്ചിക്കോട് നിന്ന് പ്രയാണമാരംഭിച്ച നിമജ്ജന യാത്ര ഇടക്കുവെച്ച് അവസാനിപ്പിക്കാനല്ല തുടങ്ങിയതെന്നും, പേടിച്ച് പിന്തിരിഞ്ഞോടുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും ശോഭാ സുരേന്ദ്രന്‍. പരപ്പനങ്ങാടിയില്‍ താന്‍ പ്രസംഗിച്ച സ്റ്റേജ് അഗ്നിക്കിരയാക്കിയ സംഭവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മാര്‍ക്‌സിസ്റ്റ് അക്രമികള്‍ അനാഥരാക്കിയ വിമലാദേവിയുടെ മക്കളുടെയും അണ്ടല്ലൂരിലെ സന്തോഷ് കുമാറിന്റെയും കണ്ണൂരിലെ രാമചന്ദ്രന്റെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ വിമലാദേവിയുടെ അമ്മയുടെ വിറയാര്‍ന്ന കരങ്ങളില്‍ നിന്നാണ് താന്‍ ചിതാഭസ്മം ഏറ്റുവാങ്ങിയത്. യാത്ര പാലക്കാട് നിന്ന് തുടങ്ങുമ്പോള്‍ തന്നെ സിപിഎം ഉന്നത നേതൃത്വം യാത്രയെ ലക്ഷ്യം വെച്ചിരുന്നു. പകല്‍ സമയങ്ങളില്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. പകരം ഇരുട്ടിന്റെ മറവില്‍ വേദി കത്തിച്ചിരിക്കുകയാണ്. യാത്ര കടന്നുപോകുന്ന വീഥികളിലെ ജനസഞ്ചയങ്ങള്‍ സിപിഎമ്മിനെ വിറളിപിടിച്ചിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തെ പൊതുസമൂഹത്തിന് മുന്നില്‍ വരച്ച കാണിക്കുകയാണ് ബിജെപി, ഇത് ഉന്നതങ്ങളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ വിറയലാണ് ഇന്നലെ പരപ്പനങ്ങാടിയില്‍ കണ്ടത്. പോലീസില്‍ പരാതി നല്‍കിയാലും വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത്. വാദിയെയും പ്രതിയെയും മനസിലാക്കി സിപിഎമ്മിന് അനുകൂലമായി വഴിതിരിക്കുന്ന രീതി തന്നെയാണ് ഈ കേസിലും നടക്കുന്നത്. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ചൊല്‍പ്പടിയിലാണ് പോലീസ്. നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ പിടിച്ചില്ലെങ്കില്‍ ജനാധിപത്യസമരമുറകള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. ഈ സംഭവം ബിജെപി നിസാരമായിക്കാണുന്നില്ല.
പരപ്പനങ്ങാടിയിലെ ബിജെപി നേതാവ് കെ.ഉണ്ണികൃഷ്ണന്റെ വീട് കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയും ബാര്‍ബര്‍ ഷോപ്പ് മാലിന്യവും മനുഷ്യവിസര്‍ജ്ജ്യവും നിക്ഷേപിച്ച് കിണര്‍ മലിനപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
കണ്ണൂരിലെ അരിയില്‍ ഷുക്കൂറിന്റെയും മനോജിന്റെയും വധക്കേസുകളില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ ഡിജിപിയെ പുറത്താക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഡിജിപിയല്ല ബിജെപിയെന്നത് എന്നത് പിണറായി മനസിലാക്കണം. സ്റ്റേജ് കത്തിച്ച് ഉമ്മാക്കി കാണിച്ചാലൊന്നും ബിജെപിക്കാര്‍ പിന്തിരിയില്ല പറഞ്ഞത് പ്രവര്‍ത്തിക്കാനും തുടങ്ങിയത് പൂര്‍ത്തികരിക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്ക് മറുപടിയില്ലാത്തവരാണ് ഇരുളില്‍ അക്രമത്തിന് മുതിരുന്നത് .സ്റ്റേജ് കെട്ടാനും പൊതുയോഗം നടത്താനുമുള്ള അനുമതിക്ക് വേണ്ടിയല്ല ഞങ്ങള്‍ യാത്ര നടത്തുന്നത് കണ്ണൂര്‍ രാഷ്‌ട്രീയത്തിന്റെ കപടമുഖം ജനസമക്ഷത്തിലെത്തിക്കാനാണ് ഈ യാത്ര.
കണ്ണൂരിനകത്തല്ല ഇന്ത്യയെന്നും ഇന്ത്യക്കകത്താണ് കണ്ണൂരും കേരളവുമെന്നും മുഖ്യമന്ത്രി മനസിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.വല്‍സരാജ്, ഷീബ ഉണ്ണികൃഷ്ണന്‍, പി.ജഗന്നിവാസന്‍, ഉഷ പാലക്കല്‍, സി.ജയദേവന്‍, ശ്രീധരന്‍ തറയില്‍, തുളസിദാസ്, കെ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: