നിലമ്പൂര്‍: ഒരു ജനതയുടെ ചിരകാല സ്വപ്നത്തിന് വിലങ്ങുതടിയാകുന്നത് സ്വന്തം സര്‍ക്കാര്‍ തന്നെ. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്. നിലമ്പൂര്‍-നഞ്ചന്‍കോഡ് പാതക്ക് 3000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്തിന് കേന്ദ്രം ഇത്രയും വലിയ തുക നല്കാന് തയ്യാറാകുന്നത്. ബാക്കി തുക പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. മെട്രോമാന് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേരളം രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഫണ്ട് സ്വരൂപിക്കാം.
എന്നാല്‍ നിലമ്പൂര്‍-നഞ്ചന്‍കോഡ് പാതക്ക് പകരം കണ്ണൂര്‍-മൈസൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാരിലെ ഒരുവിഭാഗം ശ്രമിക്കുന്നത്. നിലമ്പൂര്‍ പാതയുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതിയില്‍ നിന്ന് പിന്മാറ്റാനാണ് കണ്ണൂര്‍ലോബിയുടെ ശ്രമം.
ബിജെപി സംസ്ഥാന നേതാക്കളുടെയും വിവിധ സംഘടനകളുടെയും ഇടപെടലിലൂടെയാണ് പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭിച്ചത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി മൈസൂര്‍ ദൂരം വെറും 270 കി.മീ യും ബാംഗ്ലൂര്‍ കൊച്ചി ദൂരം 409 കി.മീ യും ആയിരിക്കും. കൊച്ചിയില്‍നിന്ന് അഞ്ച് മണിക്കൂര്‍ കൊണ്ട് മൈസൂറിലും ഏഴ് മണിക്കൂര്‍ കൊണ്ട് ബംഗ്ലൂരിലും എത്താനാവും. 5000 ത്തോളം ചരക്കുലോറികളില്‍ വരുന്ന ചരക്ക് ഗതാഗതവും റയില്‍വേക്ക് ലഭിക്കും. വാഹനഗതാഗതം ഗണ്യമായി കുറയുന്നതോടെ പശ്ചിമഘട്ടമേഖലയിലെ മലിനീകരണവും പാരിസ്ഥിതി പ്രശ്നങ്ങളും ഗണ്യമായി കുറയും. റോ-റോ സംവിധാനം വഴി ലോറികള്‍ റയില്‍പാത വഴി നേരിട്ട് കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇത് ലോറി ഉടമകള്‍ക്കും റയില്‍വേക്കും വന്ലാഭമാകുകയും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ചുരുങ്ങിയ ചെലവില്‍ ചരക്കുകളെത്തിക്കാന്‍ സഹായകമാകുകയും ചെയ്യും. ലോറി ഉടമസ്ഥ സംഘവുമായി ആക്ഷന്‍ കമ്മറ്റി നടത്തിയ ചര്‍ച്ചകളില്‍ അവരും ഈ നിര്‍ദ്ദേശത്തെ പിന്താങ്ങിയിരുന്നു. കൊച്ചി തുറമുഖത്തേയും ബെഗളൂരിനേയും ബന്ധിപ്പിക്കുന്ന ഈ പാത തെക്കേ ഇന്ത്യയിലെ പ്രധാന ചരക്ക്, ടൂറിസം, ഐ.ടി ഇടനാഴിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഒരു തലമുറയുടെ ചിരകാല സ്വപ്നത്തിനെ കുഴിച്ചുമൂടാനുള്ള ചിലരുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: