തിരൂര്‍: സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അക്രമികളുടെ കാവല്‍ക്കാരാകുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്. തീരദേശ മേഖലയില്‍ സിപിഎം നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സിഐ ഓഫീസ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പടിഞ്ഞാറേക്കര മേഖയില്‍ പോലീസിന്റെ ഏകപക്ഷീയ സിപിഎം പ്രീണനം കാരണം ബിജെപി പ്രവര്‍ത്തകരെ അന്യായമായി കേസില്‍ കുടുക്കുകയാണ്. ഗര്‍ഭസ്ഥശിശുവിന് മാത്രമാണ് ഇവിടെ കേസില്ലാത്തത്. തീവ്രവാദ സംഘടനകളോട് മൃദുസമീപനം നടത്തുന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥന്മാരുടെ നടപടി അന്വേഷണ വിധേയമാക്കണം. സിപിഎമ്മിന് എംപിയും എംഎല്‍എയും ഉണ്ടെന്ന് കരുതി അവരുടെ അക്രമത്തെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത പോലീസിനില്ല. ആര്‍എസ്എസ് പ്രവര്ത്തകനെയാ ബാബുവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചവരോടൊപ്പം ഒത്തുകളിച്ച് ചായ സല്‍ക്കാരം നടത്തുന്ന സിഐ നാട്ടുകാരൊക്കെ കണ്ടതാണ്. സിപിഎം തുടക്കം കുറിച്ച കൊലപാതക രാഷ്ട്രീയത്തിന് ബിജെപി ഒരിക്കലും കൂട്ടുനില്‍ക്കില്ല. തീരദേശ മേഖലയില്‍ സമാധാനം നിലനില്‍ക്കണം. സിപിഎം-പോലീസ് കൂട്ടുകെട്ട് അതിനൊരു തടസമാകുകയാണ്. വിഷയത്തില്‍ ഉന്നത പോലീസ് അധികാരികള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃക്കണ്ടിയൂരിലെ ബിജെപി ഓഫീസില്‍ നിന്നാരംഭിച്ച് ബസ് സ്റ്റാന്‍ഡ് ചുറ്റിയെത്തിയ മാര്‍ച്ച് കോടിതി റോഡിലെ സിഐ ഓഫീസിനടത്തുവെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന വൈസ്പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, മണ്ഡലം പ്രസിഡന്റുമാരായ കെ.പി.പ്രദീപ്, രാജീവ് കല്ലുമുക്ക്, ടി.പി. ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. കറുകയില്‍ ശശി, ടി.രാജന്, വി.ഭാസ്കരന്, ടി.രതീഷ്, സുനില്‍പരിയാപുരം, എം.ഉദയേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: