തിരൂര്‍: യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ സിപിഎം നേതാവും മംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ തൈക്കൂട്ടത്തില്‍ സുധീഷ്(30), കൂട്ടാളി മംഗലം ഇളയാട്ടില്‍ സതീഷ്കുമാര്‍(34) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കൂട്ടായി സ്വദേശി കൊളത്തര വീട്ടില്‍ ഫസല്‍ റഹ്മാന്(28) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് തിരുന്നാവായ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കറുത്താപുറത്ത് ബാബുവിനെയാണ് സിപിഎം സംഘം തട്ടികൊണ്ടുപോയത്. അജ്ഞാതകേന്ദ്രത്തിലെത്തിച്ച് കൊലപ്പെടുത്തി പുഴയിലെറിയാനായിരുന്നു നീക്കം. എന്നാല്‍ അക്രമികളില്‍ നിന്നും ബാബു സാഹസികമായി രക്ഷപ്പെടുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കിയതിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് മങ്ങലംകടവ് പാലത്തിന് സമീപത്ത് വെച്ച് ബാബുവിന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ നിന്ന് ബാബുവിനെ അടിച്ച് വീഴ്ത്തിയതിന് ശേഷം കണ്ണും കൈയും കെട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി. അരമണിക്കൂറോളം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു അപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. അതിന് ശേഷം ഒരു തോണിയില്‍ കയറ്റി ആള്‍താമസമില്ലാത്ത ദ്വീപിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആറ് മണിക്കൂറോളം ബാബുവിനെ മര്‍ദ്ദിച്ചു.
ബാബു സിപിഎമ്മിന്റെ കസ്റ്റഡിയിലുണ്ടെന്ന് അപ്പോഴേക്കും പോലീസിന് വിവരം ലഭിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും അജ്ഞാതകേന്ദ്രത്തിലായതിനാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘം സിപിഎം നേതാക്കളോട് യാചിച്ചെങ്കിലും ബാബുവിനെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായില്ല. രഹസ്യകേന്ദ്രം എവിടെയാണെന്ന് പറയാതെ സിപിഎം നേതാക്കള്‍ പോലീസിനോട് വിലപേശുകയാണ് ചെയ്തത്.
ബാബുവിനെ കൊന്ന് പുഴയിലെറിയാനായി കയറും മറ്റും സംഘടിപ്പിക്കാന്‍ അക്രമിസംഘം പോയ സമയത്ത് ബാബു അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ ബാബു തനിക്കായി തിരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് മുന്നില്‍ തന്നെയാണ് വന്നുപെട്ടത്. മര്‍ദ്ദനമേറ്റ് അവശനായ ബാബുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് തിരൂര്‍ എസ്ഐയാണ്.
എന്നാല്‍ സംഭവം നടന്ന് രണ്ട് മാസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ബിജെപി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ അടുത്ത ദിവസം സിഐ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാനിരിക്കെയാണ് അറസ്റ്റ്. പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് ഇതുവരെ നടന്നതെന്ന് ഈ അറസ്റ്റിലൂടെ വ്യക്തമായെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ് പറഞ്ഞു. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പ്രതികളെ ഇതുവരെ സംരക്ഷിച്ചതും പോലീസാണ്, ജനകീയ പ്രക്ഷോഭം ഉയരുമെന്ന് ഉറപ്പായപ്പോഴാണ് പ്രതികളെ പിടികൂടാന്‍ തയ്യാറായത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: