എടപ്പാള്‍: കുറ്റിപ്പുറം പഞ്ചായത്തില്‍ കൊളക്കാട്, അത്താണി ബസാര്‍, ബംഗ്ലാംകുന്ന്, ചിരട്ടക്കുന്ന് ഉള്‍പ്പടെ നാലു വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച മുള്ളൂര്‍ക്കടവ് ശുദ്ധജല പദ്ധതി നോക്കുകുത്തിയാകുന്നു.
നൂറുകണക്കിന് കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്. ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള പദ്ധതിയിലെ മോട്ടോര്‍ ഇടയ്ക്കിടെ തകരാറിലാകുന്നതും ശുദ്ധജല ടാങ്കിന്റെ സംഭരണ ശേഷിക്കുറവും പ്രദേശത്ത് കടുത്ത ശുദ്ധജലക്ഷാമം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഇത് വിപുലീകരിക്കണമെന്ന് ആവശ്യവുമായി ഗുണഭോക്താക്കള്‍ രംഗത്തെത്തി.
നിലവില്‍ 40 എച്ച്.പിയുടെ ഒരു മോട്ടോര്‍ ഉപയോഗിച്ചാണ് മുഴുവന്‍ സമയ പമ്പിംഗ് നടത്തുന്നത്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ മോട്ടോര്‍ ഇടയ്ക്കിടെ കത്തിപ്പോകുന്നതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഒട്ടേറെ തവണ ഇത്തരത്തില്‍ മോട്ടോര്‍ കേടായി ജലവിതരണം തടസ്സപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ നടപടി ക്രമങ്ങള്‍ അനുസരിച്ച് 15 ദിവസം മുതല്‍ ഒരു മാസംവരെ സമയമെടുത്താണ് മോട്ടോര്‍ അറ്റകുറ്റപ്പണി നടത്താറുള്ളത്. ഈ സമയമത്രയും പ്രദേശവാസികള്‍ വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ചെയ്യുന്നത്.
ഏതാനും ദിവസം മുന്‍പ് മോട്ടോര്‍ കത്തിപ്പോയതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി പമ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. അതോടെ പഞ്ചായത്തിന്റെ അറ്റകുറ്റപ്പണിക്ക് കാത്തുനില്‍ക്കാതെ നാട്ടുകാര്‍ തന്നെ പണം സ്വരൂപിച്ച് മോട്ടോര്‍ അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിലവിലെ ജലസംഭരണിക്ക് 30,000 ലിറ്റര്‍ മാത്രമാണ് ശേഷിയുള്ളത്. ഇത് നാലു വാര്‍ഡുകളിലേക്ക് അപര്യാപ്തമാണെന്നും പരാതിയുണ്ട്. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടിയിലെ മുള്ളൂര്‍ക്കടവ് കിണറില്‍ നിന്നും പോലീസ് സ്റ്റേഷന് സമീപത്തെ ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ചാണ് നാലു വാര്‍ഡുകളിലേക്ക് ജല വിതരണം നടത്തുന്നത്. ഓരോ പ്രദേശത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും കുറച്ച് സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മുള്ളൂര്‍ക്കടവ് പദ്ധതി വിപുലീകരിക്കാന്‍ പഞ്ചായത്ത് തയാറാക്കിയ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും രണ്ടു മോട്ടോറുകള്‍ സ്ഥാപിച്ച് പമ്പിംഗ് നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: