പുലാമന്തോള്‍: അവശ്യസാധനകളുടെ വില മാനംമുട്ടെ ഉയരുമ്പോഴും വിളയൂരിലെ രാജന്റെ ചായക്കടയില്‍ ചായക്കും പലഹാരത്തിനും അഞ്ച് രൂപമാത്രം. പാലിനും, പഞ്ചസാരക്കും, ചായപ്പൊടിക്കും, കാപ്പിക്കും, പാചക വാതകത്തിനും, റൂം വാടകയിലുമടക്കം പലതവണ കാലാനുസൃത വര്‍ധനവുണ്ടായെങ്കിലും വിളയൂരില്‍ 10 വര്‍ഷത്തിലേറെയായി ചായക്കട നടത്തുന്ന രാജന് തന്റെ ചായക്കും പലഹാരങ്ങള്‍ക്കും വില നിജപ്പെടുത്തി നാട്ടുകാരെ സംതൃപ്തിയിലാക്കുന്നത്.
വിലകുറഞ്ഞ ചായക്ക് നിലവാരം കുറയുമെന്ന് വാദിക്കുന്നവരെ അത്ഭുതപ്പെടുത്തി ഒന്നാംതരം ചായയും കടിയുമാണ് ഇവിടെ ആവശ്യക്കാരെ കാത്തിരിക്കുന്നത്. പരിപ്പുവടയും, മുട്ട ബജിയും പ്രധാന പലഹാരളാക്കുന്ന രാജന്റെ കസ്റ്റമര്‍മാരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്.
പതിറ്റാണ്ടുകളായി വിളയൂരിലും പരിസരങ്ങളിലും പലതരം കച്ചവടം നടത്തിക്കഴിഞ്ഞിരുന്ന രാജന് പത്ത് വര്‍ഷമായി വൈകുന്നേരം മൂന്ന് മുതല്‍ ഏഴുവരെ വിളയൂര്‍ അങ്ങാടിയില്‍ ഈ കച്ചവടം തുടങ്ങിയിട്ട്. മറ്റെല്ലാ കച്ചവടങ്ങളേക്കാളും കൂടുതല്‍ ഈ സംരംഭത്തിലാണ് സംതൃപ്തികിട്ടുന്നതെന്ന് ഇദ്ദേഹം പറയുന്നു.
നാട്ടിന് പുറങ്ങളിലടക്കം എല്ലാത്തിനും വില കുതിച്ചുയരുമ്പോഴും വിളയൂരിലെ രാജന്റെ ടീ ഷോപ്പ് മാത്രം വ്യത്യസ്തമാകുകയാണ്. അതുകൊണ്ടുതന്നെ ഈ ചെറിയ ബിസിനസിലൂടെ കുടുംബം പോറ്റാനുള്ള വരുമാനം കണ്ടെത്തുന്ന, സൗമ്യനായ രാജനെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: