പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയിലെ ആയിരക്കണക്കിന് നഴ്സുമാര്‍ വീണ്ടും സമരരംഗത്തേക്ക്. ആദ്യസമരത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. ഇതോടെ വീണ്ടും സമരം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയേക്കും. അതേസമയം, മുമ്പ് സമരരംഗത്തുണ്ടായിരുന്ന സംഘടനയുമായി ഇനി യാതൊരു സഹകരണവും ഇല്ലെന്നും നേഴ്സുമാരുടെ പ്രതിനിധികള്‍ അറിയിച്ചു. ഇപ്പോള്‍, നേഴ്സുമാരുടെ രക്ഷകരെന്ന് അഭിനയിക്കുന്ന ചില സംഘടനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആളെ കൂട്ടാനുള്ള ‘റിക്രൂട്ടിംഗ് ഏജന്‍സി’ ആണെന്നും ഇവര്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സാധിക്കുകയുള്ളെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബിജെപി നേതാക്കളുടെ സഹായം തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സമരത്തിന് ഒരുങ്ങുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം ശമ്പള വര്‍ധനവ് തന്നെയാണ്. കേരളത്തില്‍ തന്നെ ഹോസ്പിറ്റല്‍ സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികള്‍ നല്കുന്ന ശരാശരി ശമ്പളം 11500 രൂപയാണ്. അതായത് ദിവസം 383 രൂപ മാത്രം. ഇതിലും പരിതാപകരമാണ് മറ്റ് സ്ഥലങ്ങളിലെ അവസ്ഥ. ഇവിടെ പണിയെടുക്കുന്ന ബംഗാളികള്‍ക്ക് പോലും ദിവസം 700 രൂപ കൂലി ലഭിക്കുന്ന സാഹചര്യത്തിലാണ് നഴ്സുമാരുടെ ഈ ദുരിതം. ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ലോണ്‍ എടുത്തിരിക്കുന്നത് പോലും നഴ്സിംഗ് പഠനത്തിന് വേണ്ടിയാണെന്ന് കണക്കുകള്‍ പറയുന്നു. നാല് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് പലരുടെയും തലക്ക് മുകളിലുള്ള കടം. വിദ്യാഭ്യാസ ലോണ്‍ അടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ പോലും കേരളത്തിലുണ്ടായി. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹാരിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. പല മാനേജ്മെന്റുകളും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ വിലക്കെടുത്തിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: