തിരുവല്ല: രാമപുരം മാര്‍ക്കറ്റിന് സമീപം ചവറുകൂനയില്‍നിന്ന് തീപടര്‍ന്ന് കെട്ടിടം കത്തിയ സംഭവത്തില്‍ നഗരസഭക്കെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ സാഹചര്യത്തില്‍ മാലിന്യങ്ങള്‍ ഇപ്പോഴും കെട്ടികിടപ്പുണ്ടെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
.മാധ്യമങ്ങള്‍ അടക്കം നിരവധി തവണ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കിലും വേണ്ട ശ്രദ്ധചെലുത്താന്‍ അധികൃതര്‍ തയ്യാറായില്ല.ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു തിരുവല്ല മാര്‍ക്കറ്റ് ജങ്ഷന് ശ്രീവല്ലഭക്ഷേത്രം റോഡിന്റെ കിഴക്കുവശത്ത് അടച്ചിട്ടിരിക്കുന്ന ഇരുനില കെട്ടിടത്തിലേക്ക് മാലിന്യത്തില്‍ നിന്ന് തീപടര്‍ന്നത്. കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും കത്തി.ഉപയോഗിക്കാതെ കിടക്കുകയാണ് ഈഭാഗം. റോഡരികില്‍ മാലിന്യച്ചാക്കുകള്‍ പകല്‍ കൂട്ടിയിട്ടിരുന്നു. ഇതിലാണ് രാത്രിയില്‍ തീ പടര്‍ന്നത്.
പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെയുള്ളടത്താണ് തീപടര്‍ന്നത്. ഫയര്‍ഫോയ്സ് രണ്ട് മണിക്കൂര്‍ ശ്രമിച്ചാണ് തീ കെടുത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കതകുകള്‍ പൂര്‍ണമായി കത്തി. മുകള്നിലയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ ചൂടേറ്റ് പൊട്ടിത്തെറിച്ചു. ഒരുമാസം മുമ്പും ഇവിടത്തെ മാലിന്യ കേന്ദ്രത്തില്‍ തീ പടര്‍ന്നിരുന്നു.അവശേഷിക്കുന്ന മാലിന്യം ഇപ്പോഴും ഇവിടെ കെട്ടികിടക്കുകയാണ്.അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭയില്‍ കരാറുകാരനെ ഏല്‍പ്പിച്ചിരുന്നെങ്കിലും കൃത്യസമയത്ത് ശേഖരണം നടക്കാത്തതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: