തിരുവല്ല: നഗരസഭാ അതിര്‍ത്തിയില്‍ മൂന്നിടത്ത് വന്‍ അഗ്നിബാധ. നഗരസഭാ മന്ദിരത്തിനടുത്ത് പ്രവര്‍ത്തനമില്ലാതെ അടച്ചിട്ടിരുന്ന കടമുറിക്ക് ഇന്നലെ പുലര്‍ച്ചെ 3.30 നും, കുറ്റപ്പുഴ ഹൗസിംഗ് കോളനി ഉള്‍പ്പെടുന്ന അഞ്ച് ഏക്കറോളം പുരയിടത്തിലെ പുല്‍ക്കാടിന് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയും, നഗരത്തിനടുത്ത് 15 ഏക്കറോളം വരുന്ന കാട്ടൂക്കര പാടത്ത് വൈകിട്ട് 4.30നുമാണ് അഗ്നിബാധയുണ്ടായത്. രണ്ട് യൂണിറ്റു അഗ്നിശമന സേനയെത്തിയാണ് മൂന്നിടത്തും തീ അണച്ചത്.
നഗരസഭാമന്ദിരത്തിനടുത്തുള്ള രാമപുരംമാര്ക്കറ്റിനോട് ചേര്ന്നുള്ളകടയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും കടയ്ക്കൂളളിലുണ്ടായിരുന്ന പഴയ തടിഉപകരണങ്ങളും കത്തിനശിച്ചു. കടമുറിയുടെ മുകളിലത്തെ നിലയുടെ മേല്‍ക്കൂരയിലെ മേച്ചില്‍ ഓടുകള്‍ പൊട്ടിതെറിച്ചു. സമയബന്ധിതമായി തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ സമീപമുള്ള കടകളിലേക്ക് തീ വ്യാപിച്ചില്ല. അടുത്തുള്ള കടക്കാര് പുറത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് പുകഞ്ഞാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. കടയുടെ കതക് പൊളിച്ച് അകത്തു കടന്ന അഗ്നിശമനസേന രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
കുറ്റപ്പുഴ മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പിന്‍ഭാഗത്ത് ഹൗസിംഗ് കോളനിയുമായി ബന്ധപ്പെട്ടുകിടക്കുന്ന 5 ഏക്കര്‍ പുരയിടത്തിലെ അഗ്നിബാധ ശമിപ്പിക്കാന്‍ സേനക്ക് 5 മണിക്കൂറോളം വേണ്ടിവന്നു. ഇവിടെ പുല്‍ക്കാടിനാണ് തീപിടിച്ചത്.
കാട്ടൂക്കര പാടത്ത് നിറഞ്ഞു നിന്ന പുല്‍ക്കാടിന് തീപടരുന്നത് നാട്ടുകാര്‍ കണ്ട് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. പാടത്തിന്റെ പടിഞ്ഞൊറ് ഭാഗത്ത് ആദ്യമെത്തിയ സേന തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ പാടത്തിന്റെ കിഴക്ക് ഭാഗത്ത് തീ ആളി കത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ യൂണിറ്റും എത്തി. പാടത്തിന്റെ വശങ്ങളില് താമസിക്കുന്നവര്‍ പാത്രങ്ങളില്‍ വെള്ളം നിറച്ച് പാടത്തേക്ക് ഒഴിച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനുള്ള ശ്രമവും നടത്തി. രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനം മണിക്കൂറുകള്‍ നീണ്ടു നിന്ന ശേഷമാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായത്.
സ്റ്റേഷന് ഓഫീസര്‍ കെ.ആര്.അഭിലാഷ്, അസി. സ്റ്റേഷന് ഓഫീസര്‍ സി.പി.ജോസ്, ലീഡിംഗ് ഫയര്മാന് ബൈജു പണിക്കര്‍, ഫയര്മാന്മാരായ ജിതിന്, ശ്രീകാന്ത്, പ്രമോദ്, അനു.ആര്.നായര്‍, പ്രദീപ് കുമാര്‍, അനില്‍കുമാര്‍, നിധിന്, ഡ്രൈവര്‍മാരായ വി.എസ്.ഷിബു, രാജേഷ് കുമാര്‍, ഹോം ഗാര്‍ഡുകളായ സജിമോന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: