മലപ്പുറം: വേനല്‍ പടിവാതിലിലെത്തിയിട്ടും ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ജില്ലയിലെ മിക്ക ജലസ്രോതസ്സുകളില്‍ മാലിന്യം അടിഞ്ഞിരിക്കുകയാണ്. ഏറനാടിന്റെ ജീവനാഡിയായ ചാലിയാര്‍ പുഴയിലെ വെള്ളം കറുത്ത നിറമായി മാറിയിരിക്കുന്നു. കുളിക്കാന്‍ പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് ചാലിയാറിലെ വെള്ളം.
പെരിന്തല്‍മണ്ണ നഗരത്തോട് ചേര്‍ന്നുള്ള ആനക്കുണ്ട് ജലാശയം മാലിന്യക്കുണ്ടായി മാറി. മാനത്തുമംഗലം ബൈപാസ് ജംഗ്ഷനില്‍ ഏതുകാലത്തും വെള്ളം കെട്ടിനില്‍ക്കുന്ന തണ്ണീര്‍ത്തടമാണ് ആനക്കുണ്ട്. ഇപ്പോള്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ഈ നീരുറവ. നാട്ടുകാരുടെ നേതൃത്വത്തില്‍ പലവട്ടം ജനപ്രതിനിധികള്‍ മുഖേന വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കുളം ഭിത്തികെട്ടി സംരക്ഷിക്കാന്‍ നടപടിയുണ്ടായിട്ടില്ല. പണ്ടുകാലത്ത് കടുത്ത വരള്‍ച്ചയിലും ആനക്കുണ്ടില്‍ സമൃദ്ധമായി വെള്ളമുണ്ടായിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു.
കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനിടെ കയ്യേറ്റ ഭീഷണിയും സ്വകാര്യ സ്ഥലമാണെന്നു അവകാശപ്പെട്ടു സ്ഥലം മണ്ണിട്ടു നികത്താന്‍ ശ്രമവും നടന്നു. ഒടുവില്‍ നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് ആനക്കുണ്ട് നിലനില്‍ക്കുന്നത്. കടുത്ത വേനലില്‍ നാട്ടില്‍ ജലാശയങ്ങള്‍ മിക്കതും വറ്റിവരളുന്പോഴും ആനക്കുണ്ടില്‍ വെള്ളം നിലനില്‍ക്കുകയാണ്.
എന്നാല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടക്കുകയാണ് ഈ ജലാശയത്തില്‍. എന്നിട്ടും ഇതിന്റെ ഉറവ നില്‍ക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിനിടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും ചെയ്തു.
ഭിത്തി കെട്ടി സംരക്ഷിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി മാസങ്ങള്‍ ഏറെ പിന്നിട്ടിട്ടും നടപടിയായിട്ടില്ല. അതിനിടെ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി ആനക്കുണ്ട് ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന ആലോചന നടക്കുന്നുണ്ട്. ചെറുകിട കുടിവെള്ള പദ്ധതിയായി ഇതു ഉപയോഗപ്പെടുത്താനും കഴിയും.
മാലിന്യം നീക്കം ചെയ്താല്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്. അതേസമയം സമീപത്തു നടന്നുവരുന്ന കെട്ടിട നിര്‍മാണ പ്രവൃത്തിക്കള്ക്കിടെ കുളം കയ്യേറാനും മറ്റും ശ്രമം നടന്നിരുന്നു.ഇതിനു സമീപത്തെ ഒരു സ്ഥാപനം കുളം നികത്തി വാഹന പാര്‍ക്കിംഗിനു ഉപയോഗിക്കാന്‍ ശ്രമിച്ചത് നാട്ടുകാരാണ് തടഞ്ഞത്. റവന്യൂവകുപ്പ് ഉടന്‍ സര്‍വേ സ്ഥലം തിട്ടപ്പെടുത്തി ചുറ്റുമതില്‍ പണിയണം. നഗരസഭയ്ക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാം.
ഇത്തരത്തിലാണ് മിക്ക ജലാശയങ്ങളുടെയും അവസ്ഥ. തദ്ദേശ സ്ഥാപനങ്ങള്‍ കാണിക്കുന്ന അലംഭാവം ജില്ലയെ വലിയ വര്ള്ച്ചയിലേക്ക് തള്ളിവിടുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: