തിരൂര്‍: ജീവനക്കാര്‍ക്ക് നേരെ വധഭീഷണി മുഴക്കി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സിപിഎമ്മിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ നിസാര പരിക്കേറ്റയാള്‍ക്ക് ഗുരുതര പരിക്കാണെന്ന് വരുത്തിതീര്ക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ നിഷേധിച്ചതാണ് സിപിഎമ്മുകാരെ പ്രകോപിതരാക്കിയത്. ഉണ്ണ്യാലിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പത് സിപിഎമ്മുകാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാളെ ഗുരുതര പരിക്കാണെന്ന് പറഞ്ഞ് നേതാക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍ പരിശോധനയില്‍ പരിക്കുകളൊന്നും കാണാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തിരൂരിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ സിപിഎം നേതാക്കള്‍ ഇയാളുടെ കാലിനും കൈക്കും പ്ലാസ്റ്ററിടണമെന്ന് ഡോക്ടറോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിനുള്ള പരിക്കില്ലെന്നും കള്ളത്തരം കാണിക്കാനാകില്ലെന്നും സര്ജന് ഡോ.സലീം പറഞ്ഞു. ഇതോടെ ബഹളമായി. നേതാക്കള്‍ ഫോണ്‍ ചെയ്ത് കൂടുതല്‍ ആളുകളെ ആശുപത്രിയിലേക്ക് വരുത്തി. തങ്ങള്‍ പറയുന്നത് കേട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതോടെ ഡോക്ടര്‍മാര്‍ പണിമുടക്കി. നൂറുകണക്കിന് ആളുകളാണ് ഈ സമയം ഒപിയില്‍ ഉണ്ടായിരുന്നത്.
അടിപിടി കേസില്‍ അഡ്മിറ്റായ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങളായി ഇവിടെ പ്രശ്നങ്ങളുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. നേഴ്സുമാര്‍, സ്കാനിംഗ് സ്റ്റാഫ്, മറ്റ് ജീവനക്കാര്‍ എന്നിവരെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. വീണ്ടും ഇന്നലെ ഏരിയ സെക്രട്ടറി ഇ.ജയന്, ലോക്കല്‍ സെക്രട്ടറി കെ.ടി.ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണിയുമായി രംഗത്ത് വന്നതോടെയാണ് ജോലി നിര്‍ത്തിവെക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരും തീരുമാനിച്ചത്.
സംഭവം വിവാദമായതോടെ മുതിര്‍ന്ന നേതാക്കളെത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ സഹകരിച്ചില്ല. രോഗികളും ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്നതോടെ ആശുപത്രി ബഹളമയമായി. അവസാനം എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. സിപിഎമ്മുകാര്‍ മാന്യമായി സംസാരിക്കുകയും ഇടപെടുകയുമാണെങ്കില്‍ മാത്രം ഡ്യൂട്ടിയില്‍ പ്രവേശിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ ക്ഷമാപണം നടത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: