തിരുവല്ല: ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന നഗരസഭ ടൗണ്‍ഹാള്‍ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നു. നഗരസഭ വളപ്പില്‍ സ്ഥിതി ചെയ്യുന്ന നാല്‍പ്പത് വര്‍ഷത്തലേറെ പഴക്കമുളള കെട്ടിടമാണ് തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്നത്. കുടുംബ കോടതിയും ലൈബ്രറിയും അടക്കം പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ മേല്ക്കുരയിലെ കോണ്‍ക്രീറ്റ് ഏതാണ്ട് പൂര്‍ണ്ണമായും അടര്‍ന്ന് വീണ് കമ്പികള്‍ ദ്രവിച്ച നിലയിലാണ്.
കെട്ടിടത്തിന്റെ ഇരുവശത്തെയും വരാന്തകളുടെ കോണ്‍ക്രീറ്റാണ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്. പല ഭാഗത്തും ഭിത്തികള്‍ക്കും വിളളല്‍ സംഭവിച്ചിട്ടുണ്ട്. ടൗണ്‍ഹാള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേല്ക്കുരയുടെ ആസ്ബറ്റോസ് ഷീറ്റുകളും തകര്‍ന്ന നിലയിലാണ്. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പൊതുപരിപാടികള്‍ക്ക് ഹാള്‍ വിട്ടുനല്‍കേണ്ടെന്ന് കഴിഞ്ഞ ഭരണസമിതി തീരുമാനം എടുത്തിരുന്നു. എന്നാല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഇപ്പോഴും പല സംഘടനകളുടെയും പരിപാടികള്‍ക്കായി ഹാള്‍ വിട്ടുനല്‍കുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും കോടതിയുടെ പ്രവര്‍ത്തനം മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
അഞ്ച് നിലകളിലയുളള പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായുളള നീക്കങ്ങള്‍ പുതിയ ഭരണസമിതി ആരംഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ പത്ത് കോടി രൂപയോളം ചിലവ് വരുമെന്നാണ് എന്‍ജിനീയറിംഗ് വിഭാഗം കണക്കുകൂട്ടുന്നത്. കോണ്‍ഫറന്‍സ് ഹാള്‍ അടക്കമുളള നഗരസഭ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്നുമാണ് ചെയര്മാന് കെ.വി വര്‍ഗീസിന്റെ അഭിപ്രായം. ഈ പദ്ധതി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുളള ചര്‍ച്ചകള്‍ ആരംഭിച്ചതായും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: