മലപ്പുറം: ജീവനം ശുചിത്വ സുന്ദര ജൈവനഗരം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ ജൈവ അരി വിപണനരംഗത്തേക്കും കടക്കുന്നു. ജീവനം ജൈവ അരിയുടെ വിപണന ഉദ്ഘാടനം ഇന്ന് 11.30ന് സാന്ത്വനം പുനരധിവാസ ക്യാമ്പ് വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പാടശേഖരത്തില്‍ ഞാറു നട്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് നിര്‍വഹിച്ചത്. ജൈവകൃഷിയുടെയും തരിശുനില കൃഷിയുടേയും പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ജീവനം പദ്ധതിയില്‍ നഗരസഭ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് നെല്‍കൃഷി തുടങ്ങിയത്. 100 ഏക്കര്‍ സ്ഥലത്താണ് അധികമായി തരിശുനില കൃഷി ലക്ഷ്യം വെച്ചതെങ്കിലും മഴക്കുറവ് മൂലം 43 ഏക്കറിലാണ് ഇക്കുറി നെല്‍കൃഷി നടത്തിയത്. നിലവില്‍ നഗരസഭാ പരിധിയില്‍ 400 ഏക്കര്‍ നെല്‍പ്പാടം തരിശ് കിടക്കുന്നുണ്ട്. 250 ഏക്കര്‍ പച്ചക്കറിക്കനുയോജ്യമായ ഭൂമിയുമുണ്ട്. 20 വര്‍ഷമായി തരിശു കിടക്കുന്ന 21 ഉടമകളുടെ സ്ഥലമാണ് നഗരസഭ ജീവനം പദ്ധതിക്കായി തെരഞ്ഞെടുത്തത്. കിഴിശ്ശേരി വാപ്പു കണ്‍വീനറായി കെ സി മൊയ്തീന്‍കുട്ടി, കെ നാസര്‍കുട്ടി, പി വിജയന്, കെ സുന്ദരന്‍ എന്നിവരടങ്ങുന്ന അഞ്ച് അംഗ കൗണ്‍സിലര്‍മാരുടെ സബ് കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്. വിളവെടുപ്പില്‍ 21800കിലോ നെല്ലാണ് ലഭിച്ചത്. 3800 കിലോ നെല്ല് സ്ഥലമുടമകള്‍ക്ക് പാട്ടമായി നല്കി. 18000 കിലോ നെല്ല് അരിയാക്കി. 12300 കിലോ അരിയാണ് ലഭിച്ചത്. മറ്റ് 30ഏക്കറിലെ ജൈവ അരി കൂടി ചേര്‍ത്താണ് 30000കിലോ ജൈവ അരി ഈ വര്‍ഷം ജീവനം ബ്രാന്റില്‍ പുറത്തിറക്കുന്നത്. 25 കിലോ ബാഗില്‍ പാക്ക് ചെയ്ത സമ്പൂര്‍ണ്ണ ജൈവ അരി മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനം ഇളവോടെ 1200 രൂപയ്ക്കാണ് വില്പന നടത്തുക. നഗരസഭയുടെ ഹൈടെക് കോംപ്ലക്സിലെ കൗണ്ടറില്‍ നിന്ന് നേരിട്ടോ, ഫോണ്‍ മുഖേന ബുക്ക് ചെയ്ത് ഡോര്‍ ഡെലിവറിയായോ ആവശ്യക്കാര്‍ക്ക് അരി വാങ്ങാവുന്നതാണ്. 9947240986, 9846409849 നമ്പറുകളില്‍ ബുക്ക് ചെയ്യാം.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് എം മുഹമ്മദ് സലീം, കിഴിശ്ശേരി ബാപ്പു, കെ സുഗതന്, കൃഷി ഓഫിസര്‍ മാരിയത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: