അടൂര്‍: അടൂര്‍ വലിയതോടിന്റെ കരകളിലെ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ച് തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഏഴംകുളം വില്ലേജില്‍ നിന്നും ഉല്‍ഭവിക്കുന്ന തോടാണ് മാലിന്യനിക്ഷേപവും കൈയേറ്റവും കാരണം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. തുടക്കത്തില്‍ ചെറിയതോടായി ഒഴുകി ടി.ബി.ജംങ്ഷന് സമീപം എത്തുമ്പോഴേക്കും വലിയതോടായി മാറി അടൂരിന്റെ ഹൃദയഭാഗത്തുകൂടി അമ്പിവയലിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. തെക്കന്‍ കേരളത്തിലെ മരമടി മഹോത്സവത്തിന് വേദിയായിരുന്ന അമ്പിവയല് ഇന്ന് ഓര്‍മ്മയായി മാറി. ഇവിടെ വലിയ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പണിതീര്‍ത്തിരിക്കുന്നു. ടിബി ജംങ്ഷന് മുതല്‍ നെല്ലിമൂട്ടിപടിവരെ തോടിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികള്‍ കൈയേറിയ നിലയിലാണ്. ഇതിന് റവന്യൂ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായും ആക്ഷേപം ശക്തമാണ്. മുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആയിരുന്ന കാലത്ത് വലിയതോടിന്റെ സംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി തോടിന്റെ ഇരുവശവും സംരക്ഷണ വേലികള്‍ നിര്‍മ്മിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ സാമൂഹ്യവിരുദ്ധര്‍ ഇത് നശിപ്പിച്ചു. തോട്ടില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണമാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മഴക്കാലത്ത് സെന്‍ട്രല്‍ ജംങ്ഷനിലെ വെള്ളക്കെട്ടിന് പ്രധാന കാരണം നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തിയതും മതിലുകള്‍ കെട്ടി നീരൊഴുക്ക് തടസ്സപ്പെടുത്തിയതുമാണ്. സ്വകാര്യ വ്യക്തികളുടെ കൈയേറ്റം കാരണം സെന്‍ട്രല്‍ ജംങ്ഷനിലെ ക്ഷീരസഹകരണ സംഘത്തിന്റെ ഓഫീസ് മഴക്കാലത്ത് വെള്ളത്തിലാകുന്നതും പതിവാണ്. വലിയതോട് ഒഴുകി പള്ളിക്കല്‍ എത്തുമ്പോഴും ഇത് പള്ളിക്കലാറായി മാറുന്നു. നെല്ലിമുകള്‍ ഭാഗത്ത് ഇതിന്റെ കരയിലായി ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. അടൂര്‍ മുതല്‍ മണക്കാല വരെയാണ് തോട് മാലിന്യവാഹിനിയായി തീരുന്നത്. ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി വഴിയോരക്കച്ചവട സ്ഥാപനങ്ങളിലേയും അറവ് ശാലകളിലേയും മാലിന്യങ്ങള്‍ തോട്ടിലാണ് നിക്ഷേപിക്കുന്നത്.
ആയിരക്കണക്കിനാളുകള്‍ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന വലിയതോടിനെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുന്നത്. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി തോട് സംരക്ഷിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്. റവന്യുഅധികൃതരും നഗരസഭയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: