പത്തനംതിട്ട: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗിയായ പത്രോസിനും കുടുംബത്തിനും വീടു നിര്‍മ്മിച്ചു നല്കി. സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനിലിന്റെ നേതൃത്വത്തില്‍ ഭവന രഹിതര്‍ക്ക് പണിതു നല്കുന്ന 67-ാമത്തെ വീടാണ് ഇവര്‍ക്ക് നല്‍കിയത്. വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും നര്‍ത്തകിയും സിനിമാ താരവുമായ ഉത്തര ഉണ്ണി നിര്‍വഹിച്ചു.
ഏനാത്ത് ടൗണില്‍ ചുമട്ടുതൊഴിലാളിയായിരുന്ന പത്രോസ് ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികത്സയിലാണ്. ഭാര്യയും ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനുമായി ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിയുന്ന അവസ്ഥ അറിയാനിടയായ സുനില്‍ എഷ്കോള്വാലി ചാരിറ്റബിള്‍ ട്രസ്റ്റിലെ ജോര്‍ജ് ഉമ്മന്റെ സഹായത്താല്‍ രണ്ടുലക്ഷം രൂപ മുടക്കി മൂന്ന് മുറികളും അടുക്കളയും സിറ്റൗട്ടുമടങ്ങിയ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.
ചടങ്ങില്‍ സംവിധായകന് ഡാനി വയനാട്, ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, ഡോ.എം.എസ്. സുനില്‍, ഡോ. കെ.സന്തോഷ് ബാബു, പി.തോമസ്, കെ.പി.ജയലാല്‍, എന്‍.മുരളീധരന്, ബിജു, അഖില്‍ അലക്സ്, സാം ഏബ്രഹാം, തോമസ് വൈദ്യന്, ബിനു പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: