ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ് മണ്ണാറശാലയിലെ യുപി സ്കൂളില്‍ സംഘത്തിന്റെ പ്രാന്തീയകാര്യകാരി ബൈഠക് നടന്ന അവസരത്തിലാണ് ആദ്യമായി ആ നാഗലോകം കാണാന്‍ കഴിഞ്ഞത്. നാലു ദശകങ്ങളായി സംഘത്തിന്റെയും ജനസംഘത്തിന്റെയും പിന്നീട് ജന്മഭൂമിയുടെയും ചുമതലകള്‍ വഹിച്ച കാലഘട്ടങ്ങളില്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പോകാനും ആളുകളുമായി ഇടപെടാനും അവസരം ലഭിച്ചിട്ടും മണ്ണാറശാലയും ഹരിപ്പാടും എങ്ങനെയോ ഒഴിഞ്ഞുപോയി.
പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്തുതന്നെ ഐതിഹ്യമാലയിലെ മണ്ണാറശാല മാഹാത്മ്യം വായിച്ച് അവിടത്തെ ദൃശ്യങ്ങള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചതുമാണ്. അവിടെ നേരിട്ട് ചെന്ന് ദര്‍ശനം നടത്താന്‍ മാത്രം കഴിഞ്ഞില്ല. 20 വര്‍ഷങ്ങള്‍ക്ക് മുന്നെ മണ്ണാറശാലയിലെ വാസുദേവന്‍ നമ്പൂതിരിയും മകന് കിരണും അമ്മയുമായി പ്രാന്തകാര്യാലയത്തില്‍ വന്നപ്പോള്‍ പരിചയപ്പെട്ടു. കിരണിനെ കാര്യാലയത്തില്‍ താമസിപ്പിച്ച് എറണാകുളത്തെ ഏതെങ്കിലും വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
പൂജനീയ ഡോക്ടര്‍ജി പറഞ്ഞിട്ടുള്ളതുപോലെ സംഘഭൂതാവിഷ്ടനായിരുന്നു ശാന്തപ്രകൃതിയായ വാസുദേവന്‍ നമ്പൂതിരിയെന്ന് അല്പ്പസമയത്തെ സംഭാഷണത്തില്‍ നിന്ന് മനസ്സിലായി. മണ്ണാറശാല ക്ഷേത്രത്തിന്റെ ഊരാള ഇല്ലത്തെ അംഗമായിരുന്ന അദ്ദേഹം 70 കളില്‍ സംഘവുമായി ബന്ധപ്പെട്ടു. തിരുമേനിയുടെ മനസും മനയും സംഘപ്രവര്ത്തകര്ക്കായി തുറന്നുവച്ചുവെന്നു പറയുന്നതാവും ഉചിതം. വൈക്കം കെ.പി. ഗോപകുമാര്‍ ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപനവും മറ്റു നടപടികളുമുണ്ടായത്.
അതു കേരളത്തില്‍ ഏറ്റവും കരാള രൂപം കൈക്കൊണ്ടതും ആലപ്പുഴയില്‍ത്തന്നെ ആയിരുന്നു. അനേകം സംഘകാര്യകര്‍ത്താക്കള്‍ക്ക് അക്കാലത്ത് അവിടത്തെ ഇല്ലം സുരക്ഷിതസ്ഥാനമായിരുന്നു. ജനായത്ത പുനഃസ്ഥാപനത്തിനായി നടത്തപ്പെട്ട സത്യഗ്രഹത്തിലും അദ്ദേഹം മുന്‍നിരയില്‍നിന്നു. രാജരക്ഷാചട്ടമനുസരിച്ച് ജയില്‍ വാസം കഴിഞ്ഞുവന്നുവെങ്കിലും വീണ്ടും ഭീകരാവസ്ഥ സൃഷ്ടിച്ച് പിടികൂടി ജയിലിലടയ്ക്കപ്പെട്ടു. നാടുമുഴുവന്‍ ആദരിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണെന്നത് കണക്കാക്കാതെ ഏറ്റവും ക്രൂരമായ മര്‍ദ്ദനമാണ് അദ്ദേഹത്തിന് പോലീസ് സമ്മാനിച്ചത്. ഗോപകുമാറും ശിവദാസുമാണല്ലോ, ആലപ്പുഴ ജില്ലയില്‍ പ്രചാരകന്മാരായിരിക്കെ പൈശാചിക മര്‍ദ്ദനമേറ്റ്, ജീവിക്കുന്ന രക്തസാക്ഷികളായിക്കഴിയുന്ന മറ്റുരണ്ടുപേര്‍.
വാസുദേവന്‍ നമ്പൂതിരിക്കേറ്റ ക്രൂര പീഡനങ്ങളെക്കുറിച്ച് കേട്ടറിവു മാത്രമുണ്ടായിരുന്ന കാര്യാലയത്തില്‍ അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ അവാച്യമായ വികാരമാണുണ്ടായത്. മണ്ണാറശാല ബൈഠകിന്റെ ഇടവേളകളില്‍ വിശ്വന് പാപ്പയോ, മറ്റാരെങ്കിലുമോ ഒരുമിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ പോയി സംസാരിക്കാറുണ്ടായിരുന്നു. ഏകപുത്രന് കിരണിനൊപ്പം കാര്യാലയത്തിലാണ് താമസിക്കുന്നതെന്നറിഞ്ഞപ്പോള്‍ ”അവനെയുള്ളൂ മകനായി, അവനെ പ്രചാരകനാക്കാതിരിക്കണം” എന്ന് ആ അമ്മ പറഞ്ഞു.
പിന്നീട് കുറേനാള്‍ കഴിഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ണാറശാലയില്‍ കുടുംബമൊത്ത് ദര്‍ശനത്തിനു പോകുക പതിവായി. അപ്പോഴൊക്കെ അദ്ദേഹത്തെ ചെന്നു കാണുകയും പതിവാക്കി. മണ്ണാറശാല അമ്മയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ കുടുംബത്തിലെ സ്ത്രീകളും മറക്കാറില്ല. വാസുദേവന്‍ തിരുമേനി തന്റെ അനുഭവങ്ങള്‍ ഒന്നും പറയാറില്ല. അതേസമയം നമ്പൂതിരി സഹജമായ നിസ്സംഗതയോടെയാവും സംസാരിക്കുക. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ സംഭവിക്കുന്ന അനുക്രമമായ ശോഷണം പ്രത്യക്ഷമായിരുന്നു.
2015 ല്‍ ആലുവാ ടൗണ്‍ ഹാളില്‍ നടന്ന അടിയന്തരാവസ്ഥാ പീഡിത കണ്‍വെന്‍ഷനില്‍ എത്തിയ അദ്ദേഹം മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. അടുത്തു ചെന്ന് ഓര്‍മപ്പെടുത്തേണ്ടിവന്നു തിരിച്ചറിയാന്‍. അവിടത്തെ നടപടികളില്‍ മുഴുവന്‍ പങ്കെടുത്തുവെങ്കിലും അതെത്രത്തോളം മനസ്സിലായി എന്നുപറയാന്‍ വയ്യ.
പിന്നീടൊരിക്കല്‍ക്കൂടി മണ്ണാറശാലയില്‍ ചെന്ന് കണ്ടു. ഓര്‍മശക്തിയില്‍ കുറവ്. തുടര്‍ന്നു മകന് കിരണ്‍ ആരംഭിച്ച ഗോശാല കാണാന്‍ ഞങ്ങളെല്ലാം പോയി. അതേക്കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ല.
പ്രശാന്തവും പ്രസന്നവും അനുഗ്രഹം വഴിയുന്നതുമായ അദ്ദേഹത്തിന്റെ കണ്ണുകള്‍ മനസ്സില്‍ മറയാതെ നില്ക്കുന്നു. ബ്രഹ്മലീനനായ അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല.
ഈ കുറിപ്പ് എഴുതാനിരിക്കുന്നതിന് അല്‍പ്പം മുന്‍പ് കോഴിക്കോട്ടു ജന്മഭൂമിയില്‍നിന്നും കെ.മോഹന്‍ദാസ് പഴയ ജനസംഘം പ്രവര്ത്തകന് പി.എന്‍.ഗംഗാധരന് അന്തരിച്ച വിവരം അറിയിച്ചു. ജനസംഘ ചുമതലയുമായി ഞാന്‍ കോഴിക്കോട് കഴിഞ്ഞ എട്ടുവര്‍ഷക്കാലം ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചത് ഗംഗാധരനായിരുന്നു.
മെഡിക്കല്‍ കോളജിനടുത്ത് കോരുപ്പറമ്പില് അമ്മയോടൊപ്പം താമസിച്ച അദ്ദേഹം പുതിയറ ടൈല്വര്ക്സില് തൊഴിലാളിയായിരുന്നു. ഓടുനിര്മാണത്തിനിടയിലെ ഒരു പ്രത്യേക പ്രവൃത്തി വിദഗ്ദ്ധ തൊഴിലാണോ അല്ലയോ എന്നതിനെപ്പറ്റി മില്ലുടമകളും തൊഴിലാളികളുമായി തര്‍ക്കം നടന്ന അവസ്ഥയില്‍ നേരിട്ട് തെളിവെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ആ പ്രവൃത്തി നേരിട്ട് ചെയ്തു കാണിച്ച് വിദഗ്ദ്ധ തൊഴിലാണെന്ന് സ്ഥാപിച്ചെടുത്തത് ഗംഗാധരന്റെ സാമര്‍ത്ഥ്യമായിരുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു.
പ്രായോഗിക രാഷ്ട്രീയ വീക്ഷണം ഗംഗാധരന് നന്നായിട്ടുണ്ടായിരുന്നു.
കോഴിക്കോട് 1967 ല്‍ ജനസംഘത്തിന്റെ 15-ാം സമ്പൂര്‍ണ സമ്മേളനം നിശ്ചയിക്കപ്പെട്ടപ്പോള്‍, അതിന്റെ നടത്തിപ്പിന് മുഴുസമയം പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നതിന് തയ്യാറായി പരമേശ്വര്‍ജിയെ സമീപിച്ച ആളായിരുന്നു ഗംഗാധരന്. ആദ്യം വടകരത്താലൂക്കിന്റെ ചുമതലയാണ് നല്കപ്പെട്ടത്. അവിടെ ജൂബിലി ടാങ്കിന് സമീപം ഒറ്റമുറി കാര്യാലയത്തില്‍ താമസിച്ചുകൊണ്ട് പ്രാഥമികാവശ്യങ്ങള്‍ക്ക് റെയില്‍പാതയും കുളവും ഉപയോഗിച്ചു. ബാക്കി സമയമത്രയും വിഷ്ണുലോകമായി കരുതിയാണ് നഗരത്തിലും നാട്ടിന്‍പുറങ്ങളിലും പ്രവര്‍ത്തിച്ചത്. ശൈശവദശയിലായിരുന്ന അവിടുത്തെ ജനസംഘ പ്രവര്‍ത്തനം പച്ചപിടിച്ചുവന്നതില് നിര്‍ണായക പങ്ക് ഗംഗാധരന് വഹിച്ചു.
ജനസംഘം നടത്തിയ എല്ലാ സമരമുഖങ്ങളുടെയും മുന്‍നിരയില്‍ ഗംഗാധരനുണ്ടായിരുന്നു. അദ്ദേഹം മുദ്രാവാക്യ വിദഗ്ദ്ധനായിരുന്നു. അവ സൃഷ്ടിക്കുന്നതിലും, അന്തരീക്ഷം സൃഷ്ടിക്കുമാറ് മുഴക്കുന്നതിനും ഗംഗാധരനെ ജയിക്കാന്‍ മറ്റാരുമില്ലായിരുന്നു. അഖിലേന്ത്യാ സമ്മേളനത്തിന് മുന്‍പ് കോഴിക്കോട് നഗരത്തെ ചമയിച്ചൊരുക്കുന്ന ചുമതല അദ്ദേഹത്തിന് നല്കപ്പെട്ടു. അതദ്ദേഹം നടപ്പാക്കിയതിന്റെ റെക്കോര്‍ഡ് ഇന്നും ഭേദിക്കപ്പെട്ടിട്ടില്ലെന്നു പറയാം. മലപ്പുറം ജില്ലാ വിരുദ്ധ സമരകാലത്തെ സത്യഗ്രഹ സംഘാടനത്തിന്റെ മുന്‍നിരയിലും അദ്ദേഹമുണ്ടായിരുന്നു.
മിക്കവാറും ഉറക്കം പാളയം റോഡിലെ ജനസംഘകാര്യാലയത്തില്‍ തന്നെയാവും. ഞങ്ങളിരുവരും ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും വര്‍ഷങ്ങളോളം കഴിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് അമ്മയുടെ ആശീര്‍വാദം നേടാനും അവസരമുണ്ടായി. ദല്‍ഹിയില്‍ നടന്ന ബംഗ്ലാദേശ് വിമോചന സത്യഗ്രഹത്തിലും ഗുജറാത്തിലെ കച്ച് കരാര്‍ വിരുദ്ധ സത്യഗ്രഹത്തിലും കോഴിക്കോട്ടുനിന്ന് പോയ പ്രവര്‍ത്തകരേ നയിക്കാന്‍ ഗംഗാധരനുണ്ടായിരുന്നു.
നേതാക്കന്മാരെ അനുനയിപ്പിക്കാന്‍ ഗംഗാധരന് പ്രത്യേക സാമര്‍ത്ഥ്യമുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും ഡിമാന്റ് ഉള്ള പ്രസംഗം കെ.സി. ശങ്കരേട്ടന്റേതായിരുന്നു. കാറില്നിന്നിറങ്ങിയാല് സ്റ്റേജിലേക്കാണെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി, കാറിറങ്ങി, ഇടിഞ്ഞ കടവത്ത് തോണിയില്‍ പുഴകടന്ന് രണ്ടുകിലോമീറ്റര്‍ പാടവരമ്പത്തുകൂടെ നടത്തിച്ച സംഭവവുമുണ്ട്. അവിടെകൂടിയ ജനങ്ങളുടെ ആവേശം കണ്ട് ശങ്കരേട്ടന്റെ കോപം ശമിച്ചു
അടിയന്തരാവസ്ഥക്കാലത്ത് ശ്രീദത്താത്രയറാവുവിനും മറ്റും ഏല്‍ക്കേണ്ടിവന്ന അതിക്രൂരമായ പോലീസ് മര്‍ദ്ദനം ഗംഗാധരനെ ഭയപ്പെടുത്തിയെന്നു തോന്നുന്നു.
വീട്ടില്‍ അമ്മ മാത്രമാണുള്ളതെന്ന ആശങ്കയാവാം. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം കേസരിവാരികയുടെ സുവര്‍ണജയന്തി സമയത്ത് കോഴിക്കോട്ട് പോയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടാക്കി, ഹൃദയം തുറന്ന സംഭാഷണത്തിനുശേഷം, ഗുരുവായൂരപ്പന് ഹാളില്‍ ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ ഒന്നാംഭാഗം പ്രകാശനം ചെയ്യപ്പെട്ട ചടങ്ങില്‍ വിളിക്കുകയും ഒരു കോപ്പി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
പിന്നീട് പലവട്ടം കാണാനും ഫോണിലൂടെ ബന്ധപ്പെടാനും കഴിഞ്ഞു. മകള്‍ പത്രപ്രവര്‍ത്തനരംഗത്താണ്, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ദിനേശ് കുമാറിന്റെ ധര്മപത്നിയുമാണ്. ഒട്ടേറെ മധുരവും സ്നിഗ്ദ്ധവുമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കടന്നുപോയ ആ പഴയ സഹപ്രവര്ത്തകന് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: