തിരുവല്ല: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. കോഴഞ്ചേരി ഗവ. ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് അവര്‍ പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് സാര്‍വത്രിക വിദ്യാഭ്യാസമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, പി.ടി.എ പ്രസിഡന്റ് ക്രിസ്റ്റഫര്‍ദാസ്, ബേബി മാമ്മന്‍, ഫിലിപ്പ് മാമ്മന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെറി സാം മാത്യു, ബിജിലി പി.ഈശോ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.സുജാത, ഹെഡ്മിസ്ട്രസ് എച്ച്.എം രമണി, ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി.എന്‍ മധുസൂദനന് എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
അധ്യാപകരുടേയും ജീവനക്കാരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തോടെ വിദ്യാലയ വികസന പദ്ധതി തയാറാക്കല്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഹൈടെക് വിദ്യാലയങ്ങള്‍, ഇംഗ്ലീഷ് പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: