കോഴഞ്ചേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ക്യാന്‍സര്‍ സെന്ററിന് വാങ്ങി നല്കിയ ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് ഇന്ന് വൈകിട്ട് 5 ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ അധദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന് മാമോഗ്രാം മെഷിന് യൂണിറ്റിന്റെ സമര്‍പ്പണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ജില്ലാ കലക്ടര്‍ ആര്. ഗിരിജ, ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന് പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെറി മാത്യു സാം, ഗ്രാമപഞ്ചായത്തംഗം എം.എസ്. പ്രകാശ് കുമാര്‍, കുമ്പനാട് നാഷണല്‍ ക്ലബ്ബ് പ്രസിഡന്റ് ആര്. അജയകുമാര്‍, പത്തനംതിട്ട റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ഐ. രാജന്, ജില്ലാ ക്യാന്‍സര്‍ സെന്റര്‍ സെക്രട്ടറി ഡോ. എസ്. സുഭഗന്‍ എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ നിര്‍ധനരായ 35 ക്യാന്‍സര്‍ രോഗികള്‍ക്ക് 10000 രൂപ വീതം ചികിത്സാ സഹായ വിതരണം നടത്തും.
1999 നവംബറില്് തിരുവനന്തപുരം ആര്.സി.സി.യുടെ സബ്സിഡിയറി യൂണിറ്റായി ജില്ലാ ആശുപത്രി വളപ്പില്പ്രവര്ത്തനം ആരംഭിച്ച ക്യാന്‍സര്‍ സെന്റര്‍, ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടി ജില്ലയിലും സമീപ പ്രദേശങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2013ല്‍ എസ്ബിഐ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പ്രകാരം സെന്ററിന്റെ സാന്ത്വന പരിചരണ വിഭാഗത്തിന് വാനും 2016ല്‍ 2 കോടി രൂപയും നല്‍കിയിരുന്നു. ഒരു കോടി 70 ലക്ഷം രൂപ ചിലവില്‍ ജര്‍മ്മനിയില്‍ നിന്നു സീമന്‍സ് ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രാമാണ് സ്ഥാപിച്ചിരിക്കുന്നത്. സെന്ററിന്റെ ലബോറട്ടറിയില്‍ 18 ലക്ഷം രൂപയ്ക്ക് അത്യന്താധുനിക ഉപകരണങ്ങളും, സ്വാന്തന പരിചരണ യൂണിറ്റിന് പുതിയ വാഹനവും നല്കി. ജില്ലാ ആശുപത്രികളില്‍ ആദ്യത്തേയും, സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നാലാമത്തേതുമാണ് ഇവിടുത്തെ മാമ്മോഗ്രാഫി യൂണിറ്റ്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1500 രൂപയ്ക്കും, എ.പി.എല്‍. കാര്‍ക്ക് 2000 രൂപയ്ക്കും, ബി.പി.എല്‍. വിഭാഗത്തില്‍ തന്നെ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായിട്ടുമായിരിക്കും പരിശോധന നടത്തുന്നത്. എന്നാല്‍ ഡോക്ടര്‍ക്കുള്ള ഫീസായ 750 രൂപ ഇതില്‍നിന്നും ഈടാക്കും.
ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന് പിള്ളയും എസ്.ബി.ഐ. കോഴഞ്ചേരി ബ്രാഞ്ച് മാനേജര്‍ പ്രശാന്ത് നായരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: