സ്റ്റുഡിയോക്കായി തീരുമാനിച്ച സ്ഥലത്തില്‍ കുഞ്ചാക്കോയുടെ പഴയ വീടിരുന്ന സ്ഥലമൊഴിച്ചാല്‍ ഭൂരിഭാഗവും കാടുപടലാദികള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. വളപ്പിന്റെ വടക്കുവശം കാണുന്ന കൃഷ്ണക്ഷേത്രം തൊട്ടു തെക്കോട്ട് പാതിരപ്പള്ളി വരെ ഏതാണ്ട് വിജനമായി കിടന്നിരുന്നു. റോഡിനിരുവശവും ചെറുപുന്നകള്‍. മഞ്ഞുകാലമടുക്കുമ്പോള് ഇവ പൂത്തുതളിര്‍ക്കും. മറ്റു പുന്നകളെല്ലാ വെട്ടിനിരത്തിയപ്പോഴും തന്റെ വളപ്പിലെ പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ഒരു പുന്നമരം മാത്രം കുഞ്ചാക്കോ നിലനിര്‍ത്തി. പിന്നീട് സ്റ്റുഡിയോ ഓഫീസിന് മുന്‍വശത്ത് പൂത്തു തളിര്ത്തുനില്ക്കുമായിരുന്ന ആ പുന്നമരം നയനാഭിരാമമായ ഒന്നായി മാറി.
സ്റ്റുഡിയോ വിഭാവനം പൂര്‍ണമായും ബെയ്സിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഷെയര്‍ഹോള്‍ഡര്‍മാരില്‍ പ്രമാണികള്‍ ചിലര്‍ക്കു തങ്ങളുടെ മേധാഭാവം പ്രകടിപ്പിക്കുവാന്‍ ഇടപെടണമെന്നും അഭിപ്രായങ്ങള്‍ പറയണമെന്നുമുണ്ടായിരുന്നു. ബെയ്സിന് ഇംഗ്ലീഷും ജര്മ്മനുമൊഴികെ മറ്റു ഭാഷകള്‍ അറിയില്ല. അതുകൊണ്ട് വിന്‍സന്റ് വഴിയല്ലാതെ നേരിലൊരു മൊഴിസംവാദം എളുപ്പമല്ലാതായി. ഇനി അതു മറികടന്നു എന്തെങ്കിലും പറയുവാന്‍ തുടങ്ങിയാല്‍ ആദ്യം വിന്‍സന്റും പിന്നെ ബെയ്സ് നേരിട്ടും സാങ്കേതികതയുടെ പേരുപറഞ്ഞ് വെട്ടും. അതിന്റെ വിമ്മിഷ്ടം പക്ഷെ മറ്റുള്ളവരെപ്പോലെ കുഞ്ചാക്കോയ്ക്കുണ്ടായില്ല. ബെയ്സിനെ തനിയ്ക്കിന്നോളം പരിചിതമല്ലാത്ത ഒരു പുതിയ മേഖല പഠിച്ചെടുക്കുവാനുള്ള പാഠപുസ്തകമായാണ് കുഞ്ചാക്കോ കണ്ടത്.
പത്തിരുപതു പണിക്കാര് ദിവസങ്ങളോളം വെട്ടിക്കൂട്ടി കിളച്ചും പാഴ് തീയിട്ടു കരിച്ചുമാണ് വളപ്പൊന്നു തെളിച്ചെടുത്തത്. ആദ്യമൊക്കെ വഴിപോക്കര്‍ കരുതിയത് കുഞ്ചാക്കോ അവിടെ ഒരു കയര്‍ ഫാക്ടറി തുടങ്ങാന്‍ പോകുന്നുവെന്നാണ്. ചുവന്ന ചായം തേച്ചു വെള്ള അക്ഷരത്തില്‍ ‘ഉദയാ സ്റ്റുഡിയോസ്’ എന്നെഴുതിയ നീളന്‍ ബോര്‍ഡ് പുതുതായി കെട്ടിയ വേലിക്കുള്ളില്‍ റോഡിനഭിമുഖമായി ഉയര്‍ന്നപ്പോഴാണ് കാര്യം വ്യക്തമായത്.
”ഇവിടെ ഒരു ഫിലിം പിടിയ്ക്കണ സ്റ്റുഡിയോ വരാന്‍ പോണു”
വാര്‍ത്ത നഗരം മുഴുവന്‍ പരന്നു.
ആലപ്പുഴക്കാര് സിനിമ കണ്ടിട്ടുണ്ടെന്നല്ലാതെ അതു നിര്‍മ്മികുന്ന ഇടപാടൊന്നും കണ്ടിരുന്നില്ലല്ലോ!
വിന്‍സന്റും ബെയ്സും മദിരാശിക്കു പോയി. സ്റ്റുഡിയോയ്ക്കുവേണ്ട ഉപകരണങ്ങള്‍ വാങ്ങണമായിരുന്നല്ലോ. 40,000 രൂപയ്ക്ക് മൂവിക്യാമറയും മറ്റുപകരണങ്ങളും വാങ്ങി തിരിച്ചെത്തി.
ആലപ്പുഴ ടിബിയില്‍നിന്ന് ആറാട്ടുവഴിയില്‍ ഒരു കെട്ടിടമെടുത്ത് ബെയ്സും ഭാര്യയും താമസം അങ്ങോട്ടാക്കി. ആയിരം രൂപയായിരുന്നുവത്രെ അന്ന് ബെയ്സിന് നല്‍കിവന്ന പ്രതിമാസ ശമ്പളം.
എപ്പോഴും എന്തും ശേഖരിച്ചുവയ്ക്കുന്ന ഒരു പ്രകൃതം കുഞ്ചാക്കോയ്ക്കുണ്ടായിരുന്നു; കൃത്യമായി എപ്പോള്‍ ആവശ്യം വരുമെന്നു കരുതിയിട്ടൊന്നുമല്ല; എപ്പോഴെങ്കിലും വന്നാലോ എന്ന കരുതലില്‍.
എറണാകുളത്തിനും കൊച്ചിയ്ക്കുമിടയില് ബ്രിസ്റ്റോ സായ്വിന്റെ ഭാവനാസൃഷ്ടമായുള്ള വെല്ലിങ്ടണ്‍ ഐലന്റില്‍ രണ്ടാം ലോകയുദ്ധകാലത്ത് സ്ഥാപിച്ചിരുന്ന പട്ടാളക്യാമ്പുകള്‍ യുദ്ധം കഴിഞ്ഞതോടെ ആവശ്യമില്ലാതെ വന്നു. അവിടത്തെ ഉപകരണങ്ങളും സാമഗ്രികളും പലതും ലേലത്തില്‍ വിറ്റു. മേല്‍സൂചിപ്പിച്ച കരുതലിന്റെ ഭാഗമായി കുഞ്ചാക്കോ അവയില്‍ ചിലതു വാങ്ങി തന്റെ വളപ്പില്‍ ചായ്ച്ചുകൂട്ടിയിരുന്നു. ഹര്‍ഷന്‍പിള്ളയുടെ കയര്‍ ഫാക്ടറി പണിതവര്‍ തന്നെയാണ് സ്റ്റുഡിയോ ഫ്ളോറിന്റെ നിര്‍മ്മാണവും ഏറ്റെടുത്തത്. കുഞ്ചാക്കോ ലേലത്തില്‍ വാങ്ങിയ പലതും ഈ നിര്മ്മാണത്തിനുപകരിച്ചു.
അതിനിടയിലാണ് മദിരാശിയില്‍ സതേണ്‍ സ്റ്റുഡിയോ പ്രവര്‍ത്തനം നിലച്ചതിനാല്‍ അവിടത്തെ ഉപകരണങ്ങള്‍ വില്‍ക്കുന്ന വിവരമറിഞ്ഞത്. ഉദയായ്ക്കുവേണ്ടി അവ ഒന്നടങ്കം വാങ്ങി.
ഉയരമുള്ള തൂണുകളില്‍ പണിതുയര്‍ത്തിയ ഫ്ളോറിന്റെ മേല്‍ക്കൂരയില്‍ ഓലമേഞ്ഞ ശേഷം എക്കോ ഉണ്ടാകാതിരിക്കാനായി വശങ്ങളിലും റൂഫിലും പനമ്പുതട്ടികള് വലിച്ചുകെട്ടി. തറ സിമന്റിട്ടു.
അതിനിടയില്‍ ഫ്ളോര്‍ പണിത സ്ഥലത്തിനു ചില സ്ഥാനപിശകുകള് ഉണ്ടായിരുന്നതുമൂലം ദേവീകോപമുണ്ടായെന്നൊരു സംസാരം വന്നുവത്രെ. ചില ദുര്ഃലക്ഷണങ്ങളുമുണ്ടായിപോലും. കുഞ്ചാക്കോ അതു അവഗണിച്ചുവെങ്കിലും മറ്റു പങ്കാളികളുടെ നിര്ബന്ധപ്രകാരംചില പരിഹാരങ്ങള്‍ ചെയ്യുകയും ഫ്ളോറിന്റെ സ്ഥാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുവെന്ന ഒരു സൂചന ചേലങ്ങാട്ടിന്റേതായി വായിക്കുകയുണ്ടായി.
സമാന്തരമായി ബെയ്സിന്റെ നിര്‍ദ്ദേശത്തില്‍ ഹാന്റ്ലാബിന്റെ നിര്‍മ്മാണവും നടന്നു. കെമിക്കല്‍ ചേര്‍ത്ത ലാബ്ബാത്തിന്റെ ധര്മ്മമാണീ ഹാന്റ്ലാബിന്. ഒരിരുമ്പു ടാങ്കില്‍ കെമിക്കല്‍ ചേര്‍ത്ത വെള്ളം നിറയ്ക്കും. ചിത്രീകരണം നടത്തിയ ഫിലിംറോള്‍ വെളിച്ചത്തിനു നേര്പ്പെടാതെ ഒരിരുമ്പുദണ്ഡില് ചുറ്റി ടാങ്കിലെ ലായനിയില്‍ താഴ്ത്തിവച്ച് അതിനു പുറത്തുള്ള ഒരു കൈപ്പിടിയില്‍ പിടിച്ചു തിരിക്കുമ്പോള്‍ ടാങ്കിനകത്തുള്ള ഫിലിം ആ രാസപ്രക്രിയയുടെ ആനുകൂല്യത്തില്‍ വാഷ് ചെയ്തുവരും.
കറന്റ് കണക്ഷന് കൂടി കിട്ടിയാല്‍ സ്റ്റുഡിയോ ഏതാണ്ട് പ്രവര്‍ത്തനസജ്ജമാകും. കുഞ്ചാക്കോയുടെ വീടുവരെ കറന്റ് കണക്ഷനുണ്ട്. പക്ഷെ അത് സിംഗിള്ഫെയ്സാണ്. സ്റ്റുഡിയോയില്‍ വന്നേക്കാവുന്ന ലോഡിന്റെ തോതനുസരിച്ച് മതിയാവില്ല. ത്രീഫെയ്സ് തന്നെ വേണം. മുകളില്‍നിന്നു വേണം അനുമതി. അന്നു അതായിരുന്നു നടപടി വഴി.
ഭരണകൂടത്തിന് അത്ര അഭിമതരായ ആളുകളായിരുന്നില്ല ‘ഉദയാ’ സംരംഭത്തിന്റെ പിന്നില്‍ എന്നതുകൊണ്ട് കുറെ ദുര്ഘടങ്ങളുണ്ടായി. പലവഴിക്കും ഹര്ഷന്പിള്ളയും കുഞ്ചാക്കോയും ടി.എം. വര്‍ഗീസും ജോണ്‍ ഫിലിപ്പോസുമൊക്കെ ശ്രമിച്ചു; തന്റേതായ നിലയില്‍ ടി.വി. തോമസും. എന്നിട്ടും ഒന്നിനു പുറകെ ഒന്നായി തടസങ്ങള്‍ വന്നുകൊണ്ടിരുന്നു.
ത്രീഫെയ്സ് കണക്ഷന് കിട്ടിയില്ലെങ്കില്‍ റിഫ്ളക്ടര് ഉപയോഗിച്ചും അറ്റകൈയ്ക്ക് ഷൂട്ടിംഗ് നടത്താമെന്ന് ബെയ്സ് പറഞ്ഞതൊരാശ്വാസമായി.
ആര്‍ട്ടിസ്റ്റുകള്‍ക്കു താമസിക്കുവാനായി രണ്ടു ഷെഡ്ഡുകള്‍ വടക്കേ ഭാഗത്തു തയ്യാറാക്കി മുറികള്‍ തിരിച്ച് ഫര്‍ണിഷ് ചെയ്തു ഭംഗിയാക്കി. ഒന്ന് പുരുഷന്മാര്ക്കും രണ്ടാമത്തേത് സ്ത്രീകള്‍ക്കുമായി ചിട്ടപ്പെടുത്തി. ഇവ രണ്ടിനുമപ്പുറത്തായി കാന്റീനുമൊരുക്കി.
ബെയ്സിന്റെ നിര്‍ദ്ദേശപ്രകാരം ഓരോന്നായി ഇണങ്ങിവരുന്നത് കുഞ്ചാക്കോ സശ്രദ്ധം നിരീക്ഷിച്ചു. അപ്പോഴും പിന്നീടും പ്രായോഗികതലത്തില്‍ അവയുടെ പോരായ്മകളും തുടര്‍ പരിഷ്കരണ സാധ്യതകളും കണ്ടറിഞ്ഞ് മനസ്സില്‍ കരുതിപ്പോന്നു. പിന്നീട് സ്റ്റുഡിയോയുടെ സ്വതന്ത്ര ചുമതല ഏറ്റപ്പോള്‍ അവയെല്ലാം പരിഹരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
പ്രധാന സാങ്കേതിക കലാകാരന്മാരെയെല്ലാം സേലത്തെ മോഡേണ്‍ തിയ്യേറ്റേഴ്സില്നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. അസിസ്റ്റന്റ് ക്യാമറാമാനായ ശിവറാംസിംഗ്, റിക്കാര്‍ഡിസ്റ്റായി രാജു, ചമയത്തിന് പാര്‍ത്ഥസാരഥി, ലാബിന് ഈശ്വരിസിംഗ്…ആര്‍ക്കും മലയാളമറിയില്ല.
ഭാഗ്യം എഡിറ്റിംഗ് ചുമതല കെ.ഡി. ജോര്ജിനായതുകൊണ്ട് അവിടെ ഭാഷാപ്രശ്നമുണ്ടായില്ല. ജോര്‍ജും വിന്‍സന്റും കൂടി വേണ്ടിവന്നു ദ്വിഭാഷികര്മ്മം. ആര്‍ക്കും ശിഷ്യപ്പെടാതെ കുറച്ചു നാളത്തെ ആലപ്പുഴ വാസംകൊണ്ട് ബെയ്സ് ചില മലയാളം ഇതിനിടയില്‍ വശത്താക്കിയെടുത്തിരുന്നു.
പ്രധാന മേഖലകളില്‍ പുറമെനിന്നുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് ഭാവിയില്‍ അത്ര ആശാസ്യമാവില്ലെന്നു കുഞ്ചാക്കോ മുന്‍കൂട്ടി കണ്ടു. തുടക്കംതൊട്ടേ തന്നെ നാട്ടുകാരായ പലരേയും പലപല വിഭാഗങ്ങളിലേക്കായി അപ്രന്റീസുകളായി ചേര്‍ത്ത് പരിശീലിപ്പിച്ചെടുക്കുവാന്‍ മനസ്സിരുത്തി. പരിശീലനകാലത്ത് ശമ്പളം നല്‍കേണ്ടതില്ല, പിന്നുള്ള കുറേക്കാലത്തേയ്ക്കു കുറഞ്ഞ ശമ്പളം മതി; അത്രയും അതില്‍നിന്നുള്ള സാമ്പത്തികനേട്ടം. അതിനേക്കാള്‍ പ്രധാനം സ്വന്തമായി മാതൃസ്ഥാപനത്തോട് കൂറുള്ള ഒരു സമ്പൂര്‍ണ ക്രൂവിനെ വരുതിയില്‍ സജ്ജമാക്കിയെടുക്കുക എന്ന അതിജീവന കരുതലായിരുന്നു. കൃഷ്ണന്‍കുട്ടി, വാസു, കരുണാകരന്, സുകുമാരന്‍, സദാശിവന്, ജോസഫ്, പാപ്പച്ചന്, മാത്യു…അങ്ങനെ പലരും ആ വഴി പരിശീലനം നേടി വളര്‍ന്നവരാണ്.
കറന്റിന്റെ പ്രശ്നങ്ങള്‍ ശരിയാവുന്നതേയുള്ളൂ. അതിനിടയില്‍ മണ്ഡലക്കാലം വന്നു. ശബരിമല സീസണായി. സന്നിധാനത്തേയ്ക്കു നിലയ്ക്കാത്ത ഭക്തജന പ്രവാഹം. അതൊന്നു ചിത്രീകരിച്ച് ഒരു സൈഡ്റീലാക്കി മുഖ്യചിത്രത്തിന്റെ കൂടെ പ്രദര്ശിപ്പിച്ചാലോ എന്ന കുഞ്ചാക്കോയുടെ തുറന്ന ചിന്തയെ വിന്‍സന്റും ബെയ്സും പിന്താങ്ങി. ഹൈന്ദവരായ പ്രേക്ഷകരുടെ പ്രത്യേക പ്രീതി ചിത്രത്തിനനുകൂലമാകുമല്ലോ എന്ന കച്ചവടബുദ്ധി അതിന്റെ പിന്നിലുണ്ട്. ഫീച്ചര്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലേക്കു നേരിട്ടു കടക്കുന്നതിനു മുന്‍പൊരു ടെസ്റ്റ് ഡോസാകാമെന്ന് ബെയ്സിനും തോന്നി. വിന്‍സന്റിന്റെ ചുമതലയില്‍ ബെയ്സും ക്യാമറസഹായി ശിവറാംസിംഗും അത്യാവശ്യം സഹായികളും ശബരിമലയിലേക്കു പോയി.
വിന്‍സന്റും ബെയ്സും അഹൈന്ദവരായതുകൊണ്ട് ആ പേരിലൊരു തടസം വരാതിരിക്കുവാന്‍ നടയിറങ്ങിവന്ന സ്വാമിമാരില്‍ ചിലരെ സ്വാധീനിച്ച് അവരുടെ കറുത്ത മുണ്ടും തോര്‍ത്തും വിരിയും കടംവാങ്ങി അതിലേയ്ക്കു മാറി. തോളിലെ കെട്ടുകളില്‍ ക്യാമറയും അനുസാരികളും തൂക്കിയായി മലകയറ്റം. രണ്ടു ദിവസംകൊണ്ട് വണ്ടിപ്പെരിയാര്‍ മുതല്‍ പമ്പവരെയും സന്നിധാനത്തും തടിച്ചുകൂടിയ തീര്‍ത്ഥാടകരുടെ വിവിധ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു മടങ്ങിവന്നു. 1500 അടിയോളം ഫിലിം ക്രാങ്ക് ചെയ്തു. പുതുതായി വാങ്ങിയ ക്യാമറ മിഴി തുറന്നത് അങ്ങനെ ‘സ്വാമി ദര്‍ശന’ത്തോടെയാണ്.
ഉദയയില്നിന്ന് ആദ്യം പുറത്തുവന്ന ചിത്രം ഇതായി.
‘സ്വാമി ശരണം’ എന്നായിരുന്നു പേര്.
മലയാളത്തില്‍ ആദ്യമായി നിര്‍മ്മിയ്ക്കപ്പെട്ട ഡോക്യുമെന്ററി ഇതായിരുന്നുവെന്ന് ഉദയാ സംഘം അറിഞ്ഞിരിക്കില്ല. ചരിത്രകാരന്മാരും അത് വേണ്ടുംവിധം ഘോഷിക്കാന്‍ വിട്ടുപോയി.
ചിത്രവും അതിന്റെ പ്രമേയവുമായി ബന്ധമില്ലെങ്കിലും നാട്ടില്‍ അതാതു കാലത്തെ പ്രധാന സംഭവങ്ങളും മുഹൂര്‍ത്തങ്ങളും സ്പെഷ്യല്‍ റീലുകളായി ചിത്രീകരിച്ചു പ്രദര്‍ശിപ്പിക്കുക പിന്നീട് പതിവായി. മാര്‍പാപ്പയുടെ സന്ദര്‍ശനം, കതോലിക്കാ ബാവയുടെ വിലാപയാത്രയും കബറടക്കവും, കുഞ്ചാക്കോ കുടുംബാംഗങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് ഉദയാ സ്റ്റുഡിയോയില്‍ നടന്ന താരനിബിഡമായ വിരുന്നുകള്‍, സത്യന്റേയും വയലാറിന്റേയും അന്ത്യയാത്രകള്‍ ഇവയൊക്കെ സ്പെഷ്യല്‍ റീലുകളായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുവാന്‍ ഉദയാ തയ്യാറായി. അവര്‍ക്കൊപ്പം മറ്റു നിര്‍മ്മാതാക്കളും ആ വഴിയില്‍ തുടരുന്ന കാഴ്ചയും നാം കണ്ടു!
(അടുത്ത ലക്കം: വെള്ളിനക്ഷത്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: