സ്വന്തം ലേഖകന്‍
കൊല്ലം: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും മാനേജ്മെന്റും ചൂഷണം ചെയ്യുന്നു. സര്‍ക്കാരിന്റെ അധീനതയിലുള്ള കോളേജുകളില്‍പോലും വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വാഗ്ദാനം നല്കി മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തുന്നത് പതിവാകുന്നു.
അസൈന്മെന്റ്-പ്രൊജക്ട് മറ്റു പഠനാധിഷ്ഠിത പ്രവര്‍ത്തികള്‍, സ്വഭാവം, ക്ലാസുകളിലെ നിലവാരം എന്നിവ വിലയിരുത്തിയാണ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ എയ്ഡഡ്-അണ്‍എയ്ഡഡ് കോളേജുകളിലടക്കം യുവ അദ്ധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. പൂര്വവിദ്യാര്ത്ഥികളാണ് ഈ ആക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിനികളെ അടക്കം മറ്റ് ആവശ്യങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് പെരിനാട് യുഐടി കോളേജില്‍ സമാന രീതിയില്‍ സംഭവം ഉണ്ടായത്. ഇന്റേണല്‍ മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്കി വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാള്‍ ലൈംഗികചൂഷണനത്തിന് വിധേയമാക്കുകയായിരുന്നു.
ഇത് അംഗീകരിക്കാതെ വന്ന ചില വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്സിറ്റിയിലും പോലീസിലും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പളിനെ പോലീസ് അറസ്റ്റു ചെയ്തതാണ്. എന്നാല്‍ ഈ സംഭവം അവിടെ ഒതുങ്ങുകയായിരുന്നു. ജില്ലയില്‍ യൂണിവേഴ്സിറ്റിയുടെ അധീനതയില്‍ വിരലില്‍ എണ്ണാവുന്ന പ്രൊഫഷണല്‍ കോളേജുകള്‍ മാത്രമാണ് ഉള്ളത്.
മാനേജ്മെന്റുകളുടെ കീഴില്‍ നിരവധി കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം കോളേജുകളിലും വിദ്യാര്‍ത്ഥി ചൂഷണം നടക്കുന്നുണ്ടെന്ന് അദ്ധ്യാപകര്‍ തന്നെ വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന യുവഅദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഇപ്പോഴും ഉണ്ടെന്ന് ഇവര്‍ പറയുന്നു.
ഇന്റേണല്‍ കൂടി ലഭിച്ചാല്‍ നല്ല മാര്‍ക്കോടു കൂടി വിജയിക്കാം എന്നതിനാല്‍ വിദ്യാര്‍ത്ഥിനികളാരും അദ്ധ്യാപകര്‍ക്കെതിരെ പരാതിയുമായി എത്താറുമില്ല. ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞാണ് ഇവര്‍ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ കാമ്പസുകളിലാണ് സമാനരീതിയിലുള്ള സംഭവം കൂടുതല്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: