പത്തനംതിട്ട: വേനല്‍ കടുത്തതോടെ കാട് കത്തിയെരിയുന്നു. ജില്ലയിലെ കിഴക്കന്‍ വനമേഖലയിലാണ് വ്യാപകമായി കാട് കത്തിയെരിയുന്നത്. കാട്ടുതീ വ്യാപിച്ചതോടെ വനാന്തര ഗ്രാമങ്ങളില്‍ കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കാട്ടുതീ മൂലം രൂപപ്പെടുന്ന പുകപടലം ഗ്രാമീണ ജനങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉള്വനമേഖലകളിലുള്പ്പെടെ കാട് കത്തിയെരിയുമ്പോഴും കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ അധികൃതര്‍ക്കു കഴിയുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് വനമേഖലകളിലാണ് കാട്ടുതീ കാണപ്പെട്ടത്. റാന്നി, കോന്നി വനം ഡിവിഷനുകളുടെ ഭാഗമായ വനമേഖലകളില്‍ കാട്ടുതീ തടയാന്‍ ഫയര്‍ വാച്ചര്‍മാരെ നിയമിക്കാറുണ്ടെങ്കിലും ഇക്കുറി ഇത്തരത്തിലുള്ള നിയമനവും നടന്നിട്ടില്ലെന്ന് പറയപ്പെടുന്നു. നിലവിലുള്ള ജീവനക്കാരെയും വന സംരക്ഷണ സമിതികളെയും ആശ്രയിച്ചാണ് കാട്ടുതീ തടയാന്‍ വനംവകുപ്പ് ഇടപെടല്‍ നടത്തുന്നത്. എന്നാല്‍ പ്ലാന്റേഷന് തോട്ടങ്ങള്‍ ഉള്‍പ്പെടെ തീ രൂപപ്പെടുമ്പോള്‍ ഇത് സമീപ വനമേഖലയിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിയുന്നില്ല. തണ്ണിത്തോട്ടിലെ പ്ലാന്റേഷന് തോട്ടത്തിലും വനമേഖലയിലും കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തില്‍ വലിയതോതിലുള്ള നാശനഷ്ടമാണ് ഉണ്ടായത്. തണ്ണിത്തോട് എസ്റ്റേറ്റ് ബി ഡിവിഷനിലെ പൂച്ചക്കുളം ഭാഗത്താണ് തീ പിടിത്തമുണ്ടായത്. തൊഴിലാളികളെത്തിയാണ് ഇവിടെ തീ നിയന്ത്രണവിധേയമാക്കിയത്. എസ്റ്റേറ്റിന്റെ സി ഡിവിഷനിലും തീ പടര്‍ന്നിരുന്നു. വനമേഖലയോടു ചേര്‍ന്നാണ് മിക്ക പ്ലാന്റേഷനുകളും സ്ഥിതിചെയ്യുന്നത്. പ്ലാന്റേഷന് കോര്‍പറേഷന്റെ കൂടി സഹകരണത്തില്‍ തീ പിടിത്തം തടയാന്‍ തക്ക നടപടികള്‍ വേണമെന്നാവശ്യവും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: