തൃപ്പൂണിത്തുറ: കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ചെണ്ടവാദനത്തിലെ ആചാര്യനായി തുടരുന്ന കലാമണ്ഡലം കേശവ പൊതുവാളെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ശിഷ്യന്മാര് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രകാശനം ഇന്ന് വൈകീട്ട് തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കും.
നാദകേശവം എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം തിയ്യാടി വാസുദേവനാണ്. ഇതിനോട് അനുബന്ധിച്ച് സാംസ്ക്കാരിക പരിപാടികളും നടക്കും. കേശവ പൊതുവാള് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ 1964ല്‍ കഥകളി വിഭാഗത്തില്‍ ചെണ്ട അദ്ധ്യാപകനായിരുന്നു. ഭാരതത്തിലെ പല പ്രമുഖ നഗരങ്ങളിലും കഥകളി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. കഥകളി സംഘത്തോടൊപ്പം ജര്‍മ്മനി, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
തൃശൂര്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം അവാര്‍ഡ്, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ പുരസ്കാരം, മേളാചാര്യ പുരസ്കാരം, ഭാരത വികാസ് പരിഷത്ത് പുരസ്കാരം, തപസ്യ കലാ സാമൂഹ്യ വേദി പുരസ്കാരം, രാഷ്ട്ര രക്ഷാ സഞ്ചലന പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്മശ്രീ കലാമണ്ഡലം ഗോപി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് നല്കി ഡോക്യുമെന്ററി സിഡി പ്രകാശനം നിര്‍വഹിക്കും. പ്രശസ്ത മദ്ദള വിദ്വാന് കലാമണ്ഡലം നമ്പീശന്‍കുട്ടി കേശവ പൊതുവാളിനെ പൊന്നാട ചാര്‍ത്തി ആദരിക്കും. പ്രശസ്തി ഫലകം കഥകളി മേളാചാര്യന്‍ ആയാംകുടി കുട്ടപ്പ മാരാര്‍ നല്‍കും. നാദകേശവം സംവിധായകന് തിയ്യാടി വാസുദേവന്‍ ചലചിത്ര താരം ബാബു നമ്പൂതിരി പുരസ്ക്കാരം നല്‍കും.
വൈകീട്ട് 6.30ന് സമ്മേളനം ആരംഭിക്കും. കലാമണ്ഡലം രാജേഷ്ബാബു, കലാമണ്ഡലം ശ്രീജിത്ത്, എന്നിവര്‍ പ്രാര്‍ത്ഥനാഗീതം നടത്തും. എം.ആര്.എസ് മേനോന് അധ്യക്ഷന്‍ ആയിട്ടുള്ള ചടങ്ങില്‍ ചോറ്റാനിക്കര സുരേന്ദ്രമാരാര്‍ സ്വാഗത പ്രസംഗം നടത്തും. എം. സ്വരാജ് എംഎല്‍എ, കലാമണ്ഡലം ഉണ്ണികൃഷ്ണന് (റിട്ട. പ്രിന്‍സിപ്പല്‍ കേരള കലാമണ്ഡലം) കവി എസ്. രമേശന് നായര്‍, കെ.രമേശന് (പ്രിന്‍സിപ്പല്‍, ആര്‍എല്‍വി കോളേജ് തൃപ്പൂണിത്തുറ) പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, കെ.വി. ഹരിദാസ് തമ്പുരാന്, കലാമണ്ഡലം ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ചടങ്ങില്‍ തിയ്യാടി രാമന് നന്ദി പ്രകാശിപ്പിക്കും. തുടര്‍ന്ന് നാദകേശവം ഡോക്യുമെന്റി പ്രദര്‍ശനം നടത്തും. രാത്രി 8 ന് കഥകളി. പുറപ്പാട് മേളപ്പദത്തില്‍ വേഷം രഞ്ജിനി സുരേഷ് അവതരിപ്പിക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കല്‍ രവി, കലാനിലയം മനോജ്, പനമണ്ണ ശശി, തിരുവാലത്തൂര് ശിവന്, കോട്ടയ്ക്കല്‍ മധു, നെടുമ്പിള്ളി രാംമോഹന്‍, എരൂര്‍ മനോജ് തുടങ്ങിയ കലാകാരന്മാര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: