ന്യൂദല്‍ഹി: കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ്, ബിജെപി, സിപിഎം എന്നീ സംഘടനകളുമായി പ്രത്യേകം ചര്‍ച്ച നടത്തേണ്ട കാര്യമില്ല.
നേരത്തെ സംഘര്‍ഷമുണ്ടായപ്പോള്‍ എല്ലാ കക്ഷികളുടെയും യോഗം വിളിക്കുകയും സമാധാനം പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരിക്കല്‍ക്കൂടി യോഗം വിളിക്കാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ കൊലപാതകമുണ്ടായത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.
സര്‍വകക്ഷി യോഗത്തില്‍ എല്ലാവര്ക്കും അഭിപ്രായം പറയാം. ഇത് ബിജെപി നേതാക്കളെയും അറിയിച്ചു. പിന്നെ നിങ്ങളെന്തിനാണ് പുതിയ കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ അക്രമം പ്രോത്സാഹിപ്പിക്കില്ല. കേന്ദ്രം ഇടപെടുമെന്ന ബിജെപി നേതാക്കളുടെ ഭീഷണി കാലം മാറിയത് മനസിലാക്കാതെയുള്ളത്.
അക്രമങ്ങളില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന കേസിലെ പ്രതികളെ കണ്ടുള്ള വിലയിരുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദമാണ് മുഖ്യമന്ത്രി പരോക്ഷമായി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: