കൊല്ലം: കേരളത്തിലാകെ അമ്മമാരുടെ കണ്ണീർ തുടർച്ചയായി വീഴുന്ന സാഹചര്യത്തിൽ സിപിഎം ഭരണത്തിന് അന്ത്യം അകലെയല്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. പാലക്കാട് കഞ്ചിക്കോട് വീട്ടമ്മയായ വിമലകുമാരിയെ ചുട്ടുകൊന്ന സിപിഎം കാടത്തത്തിൽ പ്രതിഷേധിച്ച് മഹിളാമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളകടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ കരയിക്കുന്ന സർക്കാരാണ് പിണറായിയുടേത്. ഭരണം തുടങ്ങിയിട്ട് ഒമ്പത് കൊലപാതകങ്ങളാണ് നടന്നത്. ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇതിലൂടെ ആ വീടുകളിലെ സ്ത്രീകളുടെ ജീവിതമാണ് വഴിമുട്ടിയത്. മലമ്പുഴയിൽ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയതുമുതൽ സിപിഎമ്മിന് ഹാലിളക്കമാണ്. വിഎസിന്റെ മണ്ഡലത്തിൽ ബിജെപിയുടെ വളർച്ചയെ നേരിടാൻ ആയുധവും അക്രമവുമാണ് അവർക്ക് ആശ്രയം. അതിന്റെ ഒടുവിലത്തെ ഇരയാണ് വിമലകുമാരി.‘
ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പാർട്ടിഭരണമാണ് നടത്തുന്നത്. മാർക്സിസ്റ്റ് ആക്രമവും അക്രമികളെ സംരക്ഷിക്കലുമായി ഭരണം മാറിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികൾക്ക് നേരെ ഉന്മൂലനസിദ്ധാന്തം പ്രയോഗിക്കുന്ന സിപിഎം ലോകത്ത് ഭരണത്തിൽ അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. അതിന്റെ ഹുങ്കാണ് അവർ കാട്ടിക്കൂട്ടുന്നത്. കണ്ണൂരും പാലക്കാടും മാത്രമല്ല തിരുവനന്തപുരത്ത് വരെ ബിജെപി അനുഭാവികളായ സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തുകയാണ്. പിഞ്ചുകുഞ്ഞുങ്ങളെ പോലും ആക്രമിക്കുന്നു. സ്ത്രീകളാണെന്ന പരിഗണന പോലും നൽകാതെ സിപിഎം കാട്ടുന്ന അസഹിഷ്ണുതയും അക്രമവും കേരളമാകെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
അക്രമികൾക്കെതിരെ പരാതി നൽകിയാൽ പോലീസ് വാദിയെ പ്രതിയാക്കുകയാണ്. തങ്ങളുടെ പാർട്ടിഗ്രാമങ്ങളിൽ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം എങ്ങനെയാണ് ജനാധിപത്യവാദികളാകുന്നത്. കണ്ണൂരിൽ വീട്ടമ്മമാരുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുന്ന സിപിഎം അക്രമികൾ കിണറുകളിൽ തലമുടി കൊണ്ടിടുകയും ചെയ്യുന്നു. കേട്ടുകേൾവി പോലുമില്ലാത്ത മൃഗീയതയാണ് അവർ നടപ്പാക്കുന്നത്.
പിണറായി വിജയന്റെ ഭരണത്തണലിൽ കൊല്ലും കൊലയും വ്യാപകമായി. മധുരമായി പ്രസംഗിക്കുന്ന പിണറായി, പക്ഷേ പ്രവർത്തിയിൽ വിപരീത ദിശയിലാണെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് സുമാദേവി അധ്യക്ഷയായിരുന്നു. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റ് ബി.രാധാമണി, ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ്, ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി എം.എസ്. ശ്യാംകുമാർ, ദേശീയസമിതിയംഗം കെ. ശിവദാസൻ, ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, കൗൺസിലർ ബി. ഷൈലജ, അഡ്വ. ബി.റ്റി. സുധീർ, അഞ്ജനാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: